മനുഷ്യന് ജോലി നഷ്ടമാവില്ല; എഐ ജോലികളെ പുനര്‍നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന ആശങ്ക വേണ്ടെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. തൊഴില്‍ രംഗത്ത് എഐ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും, എന്നാല്‍ പലരും ഭയക്കുന്നതു പോലെ അത് പെട്ടെന്നുള്ള ഒന്നായിരിക്കില്ലെന്നും അദ്ദേഹം അടുത്തിടെ പങ്കുവെച്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ് പറഞ്ഞത്. തൊഴില്‍ വിപണിയെ എഐ പുനര്‍നിര്‍മിക്കും. അത് അനുകൂലമോ പ്രതികൂലമോ ആവാം. എന്നാല്‍ തൊഴിലുകള്‍ പെട്ടെന്ന് നഷ്ടമാകുന്ന സ്ഥിതിയുണ്ടാവില്ലെന്ന് ഓള്‍ട്ട്മാന്‍ പറയുന്നു.
നമുക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ഇല്ലാതെയാകുമെന്ന ഭയം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ജോലികള്‍ ചെയ്യാൻ എഐ എത്തുമ്പോള്‍, കൂടുതല്‍ ക്രിയാത്മകമായ ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ മനുഷ്യന് സാധിക്കുമെന്നും അത് കഴിവുകള്‍ വര്‍ധിപ്പിക്കുമെന്നും ഓള്‍ട്ട്മാന്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ആളുകള്‍ സാങ്കേതിക വിദ്യാ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടത് പോലെ, എഐ കൊണ്ടുവരുന്ന മാറ്റങ്ങളുമായി സമൂഹം പൊരുത്തപ്പെടണം.
എഐ എല്ലാവരുടേയും ജീവിതം ഇപ്പോൾ ഉള്ളതിനേക്കാള്‍ മെച്ചപ്പെടുത്തും. എങ്കിലും അസമത്വങ്ങള്‍ ഒഴിവാക്കാന്‍ എഐയുടെ നേട്ടങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അത് പ്രവര്‍ത്തിക്കുന്നതിനുള്ള കംപ്യൂട്ടിങ് ശക്തിയും സമ്പന്നര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.