എങ്കിലും ചന്ദ്രാ... നിനക്കിത്ര പ്രായമുണ്ടായിരുന്നോ?; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പഠനത്തിനു പിന്നിൽ. നിലവിൽ കരുതിയിരുന്നതിനേക്കാൾ പ്രായമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ജിയോകെമിക്കൽ പെർസ്പെക്റ്റീവ് ലെറ്റേഴ്സിൽ ശാസ്ത്രജ്ഞരുടെ ഗവേഷണഫലം അച്ചടിച്ചിട്ടുണ്ട്. ചന്ദ്രന്‍റെ പ്രായം ഇതുവരെ കണക്കുകൂട്ടിയതിൽ കൂടുതലാണെന്നാണ് പുതിയ പഠനം. ചന്ദ്രനിൽ ജീവന്‍റെ കണികകൾ സാധ്യമാണോ എന്ന അന്വേഷണം പുരോഗമിക്കുന്പോഴാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പുതിയ പഠനഫലം പുറത്തുവരുന്നത്.
4.46 ബില്യൺ വർഷമാണ് ചന്ദ്രന്‍റെ പ്രായമെന്നാണ് പുതിയ കണ്ടെത്തൽ. നേരത്തെ കണക്കാക്കിയിരുന്നത് 4.42 ബില്യൺ വർഷം എന്നായിരുന്നു. 1972ൽ അപ്പോളോ-17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്കു കൊണ്ടുവന്ന ചന്ദ്രശിലകൾ പഠിച്ച ശേഷമാണു പുതിയ നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തുന്നത്. ചന്ദ്രന്‍റെയും ഭൂമിയുടെയും ചരിത്രവും പരിണാമവും നന്നായി മനസിലാക്കാൻ കൂടുതൽ കൃത്യമായ പ്രായം നമ്മെ സഹായിക്കുമെന്ന് വിശകലനത്തിനു പിന്നിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
സൗരയൂഥം ഉണ്ടായി ഏകദേശം 60 ദശലക്ഷം വർഷത്തിനു ശേഷമാണ് ചന്ദ്രൻ ഉണ്ടായതെന്നാണു പുതിയ നിഗമനം. സൗരയൂഥത്തിന് ശേഷം ഏകദേശം 108 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്‍റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ജയന്‍റ് ഇംപാക്ട് ഹൈപ്പോതീസിസ് പ്രകാരം ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ കൂട്ടിയിടി എപ്പോൾ സംഭവിച്ചു, ചന്ദ്രൻ രൂപപ്പെടാൻ എത്ര സമയമെടുത്തു എന്നുള്ളത് ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു.
അപ്പോളോ-17ലെ ബഹിരാകാശ യാത്രികർ ശേഖരിച്ച ചന്ദ്രന്‍റെ സാമ്പിളുകളിൽ കണ്ടെത്തിയ "സിർക്കോൺ' എന്ന ധാതു ശാസ്ത്രജ്ഞർ പഠിച്ചു. സിർക്കോൺ ക്രിസ്റ്റലുകളുടെ പ്രായം നിർണയിക്കാൻ ആറ്റം പ്രോബ് ടോമോഗ്രഫി എന്ന വിശകലന രീതിയാണ് ശാസ്ത്രജ്ഞർ സ്വീകരിച്ചത്. ചന്ദ്രന്‍റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തിൽ രൂപംകൊണ്ട സിർക്കോൺ പരലുകൾ, ചന്ദ്രന്‍റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളിൽ ഒന്നാണെന്നാണ് വിലയിരുത്തൽ. ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിച്ചു. ഇലക്ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായനിർണയ പരീക്ഷണം ശാസ്ത്രജ്ഞർ നടത്തിയത്.