രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പല്‍ കണ്ടെത്തിയിരിക്കുന്നു. കാലം സൂക്ഷിച്ച ചില ശേഷിപ്പുകള്‍ ഗവേഷകരുടെ മുന്നിലെത്തിയിരിക്കുന്നു! കോണ്‍സ്റ്റന്റൈന്‍ എന്ന പുരാതന റോമാ സാമ്രാജ്യത്തെക്കുറിച്ചും ബാര്‍ബിര്‍ എന്ന തുറമുഖ നഗരത്തെക്കുറിച്ചും അവരുടെ കപ്പല്‍ നിര്‍മാണ് വിദ്യയെക്കുറിച്ചും വിദേശ വാണിജ്യബന്ധങ്ങളെക്കുറിച്ചും കണ്ടെത്തല്‍ വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
ക്രൊയേഷ്യയിലാണു കപ്പലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. സമുദ്രത്തിനടിയില്‍ ഗവേഷണം നടത്തുന്ന അണ്ടര്‍സീ ആര്‍ക്കിയോളജിസ്റ്റുകളാണ് സുഖോഷാന്‍ നഗരത്തിന്റെ തീരത്തു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സദാര്‍ നദിയുടെ ജലനിരപ്പില്‍നിന്ന് അഞ്ചു മീറ്റര്‍ താഴെ മണലില്‍ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു റോമന്‍ കപ്പലിന്റെ ഭാഗങ്ങള്‍. പാറകളും മറ്റും തുരന്നുതിന്നുന്ന കടല്‍പ്പുഴുക്കള്‍ കപ്പലിന്റെ ഭാഗങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. മൂന്നു മീറ്റര്‍ വിസ്താരമുണ്ട് കപ്പലിന്. അതേസമയം, കപ്പലിന്റെ ആഴം കണക്കാക്കിയിട്ടില്ല. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അണ്ടര്‍വാട്ടര്‍ ആര്‍ക്കിയോളജിയും ജര്‍മന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായാണു ഗവേഷണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
റോമന്‍ കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളു. ഒന്നാം നൂറ്റാണ്ടില്‍ ബാര്‍ബിര്‍ എന്ന തുറമുഖനഗരത്തില്‍ നിര്‍മിച്ചതാവാം കപ്പലെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കോണ്‍സ്റ്റാന്റൈന്‍ സാമ്രാജ്യത്തിന്റെ നാണയങ്ങളും ലഭിച്ചിട്ടുണ്ട്. ഇതൊരു നിസാര കണ്ടെത്തലല്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഭാഗത്തു കൂടുതല്‍ അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ശാസ്ത്രലോകം. തുറമുഖനഗരമായ ബാര്‍ബിറിനെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജനങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അനുമാനം.
കപ്പലിന്റെ പുറംഭാഗങ്ങള്‍ ഏകദേശം വീണ്ടെടുക്കാനായിട്ടുണ്ട്. കുറേ ഭാഗങ്ങള്‍ കടല്‍പ്പുഴുക്കള്‍ നശിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ദൃഢത അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗവേഷകര്‍. അക്കാലത്തു കപ്പല്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വൈദഗ്ധ്യം അതിലൂടെ മനസിലാക്കാം. ആറു വര്‍ഷം മുമ്പാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അടുത്ത വര്‍ഷത്തോടെ കപ്പലിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും വീണ്ടെടുത്ത് കരയ്‌ക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. വീണ്ടെടുത്ത ചില ഭാഗങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫ്രാന്‍സിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനഫലങ്ങള്‍ പുരാതന റോമാ നഗരത്തിലേക്കു വെളിച്ചം വീശുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
പുതിയ കണ്ടെത്തല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള റോമന്‍ ജനതയുടെ വാണിജ്യചരിത്രത്തിലേക്കുകൂടി വെളിച്ചം വീശുന്നവയാണ്. നോര്‍ത്ത് ആഫ്രിക്ക, ടര്‍ക്കി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായാണ് കപ്പല്‍ ഉപയോഗിച്ചിതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളു.