ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്

Update: 2023-01-15 03:13 GMT

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം ഏകദിനവും വിജയിച്ച്‌ സമ്ബൂര്‍ണ പരമ്ബര നേട്ടമാണ് രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നത്. 

പരമ്ബര നേടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി, അര്‍ഷ്ദീപ് സിങ്ങിന് അവസരം നല്‍കിയേക്കും. ബാറ്റിങ്ങില്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും അവസരം നല്‍കിയേക്കും.

അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനും അവസരം നല്‍കുന്നത് മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യവട്ടത്ത് നടന്ന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവാണ് തിളങ്ങിയത്. അതുകൊണ്ടു തന്നെ സ്‌കൈ ഇന്നും കാര്യവട്ടത്ത് ബാറ്റിങ്ങ് വെടിക്കെട്ടൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ ശ്രീലങ്ക ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്. വലിയ താരങ്ങള്‍ ഇല്ലെന്നതാണ് ലങ്കയുടെ ശക്തിയും ദൗര്‍ബല്യവും. ഗ്രീന്‍ഫീല്‍ഡിലെ പിച്ച്‌ ബൗളര്‍മാരോട് ചായ്‌വ് കാണിക്കുന്നതാണെന്ന് സൂചനയുണ്ട്. അതിനാല്‍ ടോസ് നിര്‍ണായകമായേക്കും. രാവിലെ 11 മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും.

Similar News