ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം മഴയുടെ കളി ; ടെസ്റ്റ് ചാംമ്പ്യൻഷിപ്പിലെ ഇന്ത്യടെ ഫൈനൽ മോഹങ്ങൾക്ക് തിരിച്ചടി
ഇന്ത്യ-ഓസ്ട്രേലിയ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം മഴയുടെ കളി. കനത്ത മഴമൂലം ആദ്യ ദിനം ആദ്യ സെഷനിലെ 13.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴമൂലം കളി നിര്‍ത്തിവെച്ചത്. 19 റണ്‍സോടെ ഉസ്മാന്‍ ഖവാജയും നാലു റണ്ണുമായി നഥാന്‍ മക്സ്വീനിയുമായിരുന്നു ക്രീസില്‍. പിന്നീട് ലഞ്ചിനുശേഷം കുറച്ചുസമയം മഴ മാറിയെങ്കിലും വീണ്ടും മഴ കനത്തതോടെ അവസാന രണ്ട് സെഷനുകളിലെയും കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.
ടെസറ്റിന്‍റെ രണ്ടാം ദിനവും മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. ആദ്യ ദിനത്തില്‍ 15 ഓവറില്‍ താഴെ മാത്രം മത്സരം നടന്നതിനാല്‍ കാണികള്‍ക്ക് മത്സര ടിക്കറ്റുകളുടെ പണം പൂര്‍ണമായും തിരിച്ചു നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ആദ്യ ദിനം ഓവറുകള്‍ നഷ്ടമായതിനാല്‍ രണ്ടാം ദിനം മത്സരം അരമണിക്കൂര്‍ നേരത്തെ തുടങ്ങും.
മൂടിക്കെട്ടിയ അന്തരീക്ഷവും പച്ചപ്പുള്ള പിച്ചും കണ്ട് ടോസ് നേടിയശേഷം ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്‍റെ തുടക്കം. പിച്ചില്‍ നിന്ന് അപ്രതീക്ഷിത ബൗണ്‍സോ സ്വിംഗോ ലഭിക്കാതിരുന്നതോടെ ആദ്യ ഓവറുകളില്‍ ഓസീസ് ഓപ്പണര്‍മാര്‍ക്ക് കാര്യമായ ഭീഷണിയൊന്നും ഉയര്‍ത്താൻ ബുമ്രയും സിറാജും ആകാശ്ദീപും ഉള്‍പ്പെടുന്ന ഇന്ത്യൻ പേസര്‍മാര്‍ക്കായില്ല. ഇന്ത്യൻ ബൗളര്‍മാര്‍ക്കോ ഫീല്‍ഡര്‍മാര്‍ക്കോ ഒരവസരം പോലും നല്‍കാതെയാണ് ഓസിസ് ഓപ്പണര്‍മാര്‍ ആദ്യസെഷനിലെ 13.2 ഓവറും ബാറ്റ് ചെയ്തത്.
നേരത്തെ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സ്പിന്നര്‍ ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ സ്കോട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഓസീസ് ടീമില്‍ തിരിച്ചെത്തി.
മഴമൂലം ടെസ്റ്റ് സമനിലയായാല്‍ പോയന്‍റുകള്‍ പങ്കുവെക്കപ്പെടുമെന്നതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേല്‍ക്കും. ഓസ്ട്രേലിയക്കെതിരായ അവശേഷിക്കുന്ന മൂന്നു ടെസ്റ്റും ജയിച്ചാലെ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താനാവു. പാകിസ്ഥാനെതിരായ പരമ്പരക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്ക ഫൈനല്‍ ഉറപ്പാക്കാന്‍ ഒരു വിജയം മാത്രം അകലെയാണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം ഓസ്ട്രേിലയക്ക് ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയുണ്ട്. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ അവസാന പരമ്പരയാണിത്.