23 ലക്ഷത്തിൻ്റെ പ്രൊവിഡൻ്റ് ഫണ്ട് തട്ടിപ്പ് ; ഇന്ത്യൻ മുൻ ക്രിക്കറ്റർ റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

Update: 2024-12-21 07:12 GMT

പ്രോവിഡന്‍സ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണല്‍ കമ്മീഷണര്‍ എസ് ഗോപാല്‍ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം പുലികേശിനഗര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പല ജീവനക്കാര്‍ക്കും പിഎഫ് പണം നല്‍കാതെ വഞ്ചിച്ചതായി പരാതിയുണ്ട്. ഡിസംബര്‍ നാലിനാണ് റീജിയണല്‍ കമ്മീഷണര്‍ പാതി മലയാളി കൂടിയായ മുന്‍ താരത്തിനെതിരെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ താരം താമസം മാറിയതിനാല്‍ വാറണ്ട് പിഎഫ് ഓഫീസിലേക്ക് തിരിച്ചയക്കുകയായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഒരു വര്‍ഷമായി കുടുംബത്തോടൊപ്പം ദുബായിലാണ് താരം താമസിക്കുന്നത്.

ഒന്‍പത് വര്‍ഷത്തോളം നീണ്ടുനിന്ന രാജ്യാന്തര കരിയറില്‍ ഇന്ത്യക്ക് വേണ്ടി 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും താരം കളിച്ചു. ഏകദിനത്തില്‍ 25.94 ശരാശരിയില്‍ 934 റണ്‍സ് നേടി. ടി20യില്‍ 24.90 ശരാശരിയില്‍ 249 റണ്‍സും താരം സ്വന്തമാക്കി. ഏകദിനത്തില്‍ ആറും ട്വന്റി20യില്‍ ഒരു അര്‍ധസെഞ്ചറിയും നേടി. ഇടക്കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായും കളിച്ചിരുന്നു.

Tags:    

Similar News