‘നിന്നെ പോലൊരു ആരാധകനെ ആവശ്യമില്ല‘; സേവാഗിനെതിരെ വെളിപ്പെടുത്തലുകളുമായി ഓസീസ് താരം മാക്സ്‌വെല്‍

Update: 2024-10-26 07:56 GMT

ഇന്ത്യൻ ക്രിക്കറ്റിലെ മുൻ സൂപ്പർതാരം വീരേന്ദർ സെവാഗുമായുണ്ടായ ഭിന്നതകളെ കുറിച്ച് വെളിപ്പെടുത്തി ആസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ മെന്‍ററായിരുന്ന കാലത്ത് സെവാഗിന്‍റെ പെരുമാറ്റത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. തന്‍റെ പുതിയ പുസ്തകമായ 'ഷോമാൻ'-ലാണ് മാക്സ് വെൽ ഈ വിഷയത്തെക്കുറിച്ച് തുറന്നെഴുതുന്നത്. 2014 മുതൽ 2017 വരെയാണ് മാക്സ് വെൽ പഞ്ചാബിന് വേണ്ടി കളിച്ചത്. 2014 ൽ 552 റൺസുമായി മികച്ച പ്രകടനം താരം കാഴ്ചവെച്ചു. 2017 ആയപ്പോഴേക്കും താരത്തിന്‍റെ ഫോമും പ്രകടനവുമെല്ലാം നിറംമങ്ങി. മാക്സ്വെൽ ടീമിന്‍റെ ക്യാപ്റ്റനായപ്പോഴായിരുന്നു സെവാഗ് ടീമിന്‍റെ മെന്‍ററായിരുന്നത്. എന്നാൽ, സെവാഗിന്‍റെ ഏകാധിപത്യ സ്വഭാവം ഇരുവരെയും തമ്മിൽ അകറ്റി. ടീമിലെ എല്ലാ കാര്യങ്ങളും സെവാഗ് തന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു എന്നാണ് മാക്സ് വെൽ പറയുന്നത്.

കോച്ചുമാരെയൊക്കെ ഉൾപ്പെടുത്തി താൻ ഒരു വാട്സാപ് ഗ്രൂപ് തുടങ്ങിയിരുന്നു. എല്ലാവരും അവരുടെ പ്ലെയിങ് ഇലവനൊക്കെ ഗ്രൂപ്പിൽ ഷെയർ ചെയ്യും. പ്ലെയിങ് ഇലവൻ തെരഞ്ഞെടുക്കുന്നതിനായിരുന്നു ഇത്. സെവാഗ് മാത്രം ഇതിൽ ഒന്നും പങ്കുവെക്കില്ല. ഒടുവിൽ താനാണ് പ്ലെയിങ് ഇലവൻ തെരഞ്ഞെടുക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ഒരുപാട് അവസരത്തിൽ സെവാഗിന്‍റെ യാതൊരു അർഥവുമില്ലാത്ത തീരുമാനങ്ങൾ തങ്ങളെ കളത്തിന് അകത്തും പുറത്തും തോൽപ്പിക്കുകയായിരുന്നു എന്നും മാക്സ് വെൽ പറഞ്ഞു.

ലീഗിലെ അവസാന മത്സരം പുണെയോട് കളിച്ച് പഞ്ചാബ് 73 റൺസ് മാത്രം നേടി തോറ്റിരുന്നു. അന്ന് സെവാഗ് പ്രസ് മീറ്റിന് പോകാമെന്ന് പറഞ്ഞു. ഞാൻ ടീം ബസിൽ കയറുമ്പോഴായിരുന്നു എന്നെ വാട്സാപ് ഗ്രൂപ്പിൽ നിന്നുമൊക്കെ പുറത്താക്കിയത് ശ്രദ്ധിച്ചത്. ഇതെന്താണ് സംഭവിക്കുന്നതെന്നാണ് ഞാൻ ചിന്തിച്ചത്. പിന്നീട് റൂമിലെത്തിയപ്പോൾ സെവാഗ് എല്ലാ കുറ്റങ്ങളും എന്‍റെ മേൽ ചുമത്തി. ഞാൻ നിരാശനാക്കിയെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം കാണിച്ചില്ലെന്നുമൊക്കെയായിരുന്നു കുറ്റപ്പെടുത്തൽ.

‘ഇത് വളരെ മോശമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ എത്രത്തോളം വിഷമിപ്പിച്ചെന്നും സെവാഗ് എന്ന കളിക്കാരന് ഒരു ആരാധകനെ നഷ്ടമായെന്നും മെസേജ് ചെയ്തു. ഇതിന് മറുപടിയായി സെവാഗ് അയച്ചത് 'നിന്നെ പോലെ ഒരു ആരാധകനെ എനിക്ക് ആവശ്യമില്ല' എന്നാണ്' -മാക്സ് വെൽ എഴുതി.ഇതിന് ശേഷം സെവാഗുമായി മിണ്ടിയില്ലെന്നും താൻ പഞ്ചാബ് വിട്ടെന്നും മാക്സ് വെൽ എഴുതി. പിന്നീട് ഒരു വർഷത്തിന് ശേഷം സെവാഗിനെയും പഞ്ചാബ് പുറത്താക്കിയിരുന്നു.

Tags:    

Similar News