ആവേശത്തിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷം; ആവേശ് ഖാന് പിഴയിട്ട് ഐപിഎൽ

Update: 2023-04-11 09:22 GMT

ലക്‌നൗ സൂപ്പർ ജയന്റ്‌സ് പേസർ ആവേശ് ഖാന് പിഴയിട്ട് ഐപിഎൽ അധികൃതർ. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം നടത്തിയ ആഘോഷപ്രകടനവുമായി ബന്ധപ്പെട്ടാണ് പിഴ വിധിച്ചത്. വിജയിച്ചതിനു പിന്നാലെ ഹെൽമറ്റ് വലിച്ചെറിഞ്ഞായിരുന്നു ആവേശ് ഖാന്റെ ആഘോഷം. ഇന്നലെ ഓവർ നിരക്ക് കുറഞ്ഞതിന്റെ പേരിൽ ആർസിബി നായകൻ ഫാഫ് ഡുപ്ലെസിക്കും പിഴവിധിച്ചു. 12 ലക്ഷം രൂപയാണ് ഡുപ്ലെസിയുടെ പിഴ.

മത്സരം ലഖ്‌നൗ അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കിനിൽക്കേ വിജയിച്ച ശേഷം മൈതാനത്ത് ഹെൽമറ്റ് വലിച്ചെറിഞ്ഞ് അമിത വിജയാഘോഷം നടത്തിയതിനാണ് ആവേശിനെതിരെ നടപടി. ഐപിഎൽ പെരുമാറ്റ ചട്ടത്തിലെ ലെവൽ ഒന്ന് കുറ്റം ആവേശ് ചെയ്തതായാണ് കണ്ടെത്തൽ. മാച്ച് റഫറിയുടെ ഈ തീരുമാനം അന്തിമമാണ് എന്ന് ഐപിഎൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ലഖ്‌നൗ ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ ഒരു റൺ ഓടിയെടുത്തതിൻറെ ആവേശത്തിൽ ഹെൽമറ്റ് വലിച്ചെറിയുകയായിരുന്നു ആവേശ് ഖാൻ ചെയ്തത്. മത്സരത്തിൽ ആർസിബിയുടെ 212 റൺസ് പിന്തുടർന്ന് അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കിനിൽക്കേ വിജയിച്ചതോടെ സീസണിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന് തുടർച്ചയായി രണ്ട് വിജയങ്ങളായി.

Tags:    

Similar News