സൗദിയിൽ വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ നവംബർ 20 മുതൽ നിലവിൽ വരുമെന്ന് GACA

Update: 2023-08-25 06:16 GMT

വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ 2023 നവംബർ 20 മുതൽ നിലവിൽ വരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിലവിലെ ചട്ടങ്ങൾക്ക് പകരമായി പുതുക്കിയ ചട്ടങ്ങൾ ഏർപ്പെടുത്താനുള്ള ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമായാണിത്. യാത്രികർക്ക് ശരിയായ രീതിയിലുള്ള കരുതൽ, പിൻതുണ, നഷ്ടപരിഹാരം എന്നിവ ഉറപ്പ് വരുത്തുന്നതിനും അതിലൂടെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മുപ്പതോളം വ്യവസ്ഥകൾ ഈ ചട്ടങ്ങളുടെ ഭാഗമായി നിലവിൽ വരുന്നതാണ്.

ടിക്കറ്റ് നിരക്കിന്റെ 150 മുതൽ 200 ശതമാനം വരെ നഷ്ടപരിഹാരമായി ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. വിമാനം നേരത്തെ പുറപ്പെടുക, ഫ്ളൈറ്റ് കാൻസൽ ആയത് മൂലം വിമാനയാത്രകൾ മുടങ്ങുക, കാലതാമസം അനുഭവപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും, ഓവർബുക്കിംഗ് മൂലം ബോർഡിങ്ങ് നിരസിക്കപ്പെടുന്ന സാഹചര്യത്തിലും ഈ നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

ഇതിന് പുറമെ വിമാനയാത്രയിൽ ലഗേജ് നഷ്ടപ്പെടുന്നവർക്ക് 6568 റിയാൽ നഷ്ടപരിഹാരതുകയായി ലഭിക്കുന്നതാണ്. പുതുക്കിയ വ്യവസ്ഥകൾ പ്രകാരം, ബാഗേജുകൾക്ക് നാശനഷ്ടം സംഭവിക്കുക, ബാഗേജ് ലഭിക്കുന്നതിന് കാലതാമസം അനുഭവപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും പരമാവധി 6568 റിയാൽ വരെ നഷ്ടപരിഹാരതുകയായി ലഭിക്കുന്നതിന് യാത്രികർക്ക് അർഹതയുണ്ടായിരിക്കുന്നതാണ്. യാത്രയ്ക്കിടെ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്തതായ സ്റ്റോപ്പ് ഓവർ പോയിന്റുകളിൽ വിമാനം നിർത്താൻ ഇടയാകുന്ന സാഹചര്യങ്ങളിലും നഷ്ടപരിഹാരതുക ലഭിക്കുന്നതാണ്.

Tags:    

Similar News