നിക്ഷേപം ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങി സൗദി

Update: 2022-10-29 13:14 GMT


റിയാദ്: വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങി സൗദി.ജോർദാൻ, ബഹ്റൈൻ, സുഡാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലാണ് കമ്പനികൾ സ്ഥാപിക്കുന്നത്.നിക്ഷേപം ലക്ഷ്യമിട്ട് സൗദി പൊതുനിക്ഷേപ ഫണ്ടാണ് കമ്പനികൾ സ്ഥാപിക്കുന്നത്.

 റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയത്. 

കഴിഞ്ഞ ആഗസ്റ്റിൽ സൗദി ഈജിപ്ഷ്യൻ ഇൻവെസ്റ്റ്‌മെൻറ് കമ്പനി ആരംഭിച്ചതിന്റെ തുടർച്ചയാണിത്. നിക്ഷേപങ്ങളുടെ മൂല്യം 90 ശതകോടി റിയാൽ (24 ശതകോടി യു.എസ് ഡോളർ) വരെ എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് വികസനം, ഖനനം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യ-കൃഷി, ഉൽപ്പാദനം, ആശയവിനിമയം, സാങ്കേതികവിദ്യ, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഈ പുതിയ കമ്പനികൾ നിക്ഷേപം നടത്തും.

അഞ്ച് പുതിയ കമ്പനികളുടെ സ്ഥാപനം പൊതുനിക്ഷേപ ഫണ്ടിന്റെയും അനുബന്ധ കമ്പനികളുടെയും സൗദിയിലെ സ്വകാര്യ മേഖലയുടെയും നിക്ഷേപ പങ്കാളിത്തം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ദീർഘ കാലാടിസ്ഥാനത്തിൽ ആകർഷകമായ വരുമാനം നേടുന്നതിന് ഇത് സഹായിക്കും. മേൽപ്പറഞ്ഞ ഓരോ രാജ്യങ്ങളിലെയും സ്വകാര്യ മേഖലയുമായുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും വശങ്ങൾ വികസിപ്പിക്കുകയും ചെയ്യും. 

മധ്യപൂർവേഷ്യ-ഉത്തരാഫ്രിക്കൻ (മെന) മേഖലയിൽ പുതിയ നിക്ഷേപ അവസരങ്ങൾ തേടുന്നതിനുള്ള പൊതുനിക്ഷേപ ഫണ്ടിന്റെ തന്ത്രത്തിന് അനുസൃതമായാണ് പുതിയ കമ്പനികളുടെ രൂപവത്കരണം. സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030' ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഫണ്ടിന്റെ ആസ്തികൾ പരമാവധി വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ഇതു സഹായിക്കും.

Similar News