ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ഗുരതര പരിക്കേറ്റ് ഖത്തറിൽ ചികിത്സയിലുള്ള പലസ്തീനികളെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സന്ദർശിച്ചു. സ്ഫോടനത്തിൽ ഒരു കാൽ നഷ്ടപ്പെട്ട പലസ്തീനി ബാലൻ ബഹാ അബൂ ഖാദിഫിനെ ചേർത്തുനിർത്തി അദ്ദേഹം പറഞ്ഞു ‘‘ഒരു കാൽ നഷ്ടമായിട്ടും മാതാവിനെ ഇസ്രായേൽ സൈനികർ കൊലപ്പെടുത്തിയിട്ടും ഇവന് പ്രതീക്ഷ നഷ്ടമായിട്ടില്ല. പലസ്തീനികൾ ഹീറോകളാണ്. ഞങ്ങളവരെ ബഹുമാനിക്കുന്നു. ചികിത്സ ഉൾപ്പെടെ അവർക്കുവേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’’. 1500 പലസ്തീനികളാണ് ഖത്തറിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. മേയ് ആറിന് ഗസ്സയിലെ റഫ അതിർത്തി അടക്കുന്നതിന് മുമ്പ് എത്തിച്ചവരാണിവർ. കൂടുതൽ പേർക്ക് ചികിത്സ നൽകാൻ ഖത്തർ ഒരുക്കമാണെങ്കിലും ഇസ്രായേൽ അതിർത്തിയിൽ തടയുന്നത് പ്രതിബന്ധമാകുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട 3000 പലസ്തീനി കുട്ടികളെ ഖത്തർ സ്പോൺസർ ചെയ്യുന്നുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബാൾ ഫാൻസിനായി നിർമിച്ച തുമാമയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലാണ് പലസ്തീനികൾ കഴിയുന്നത്. ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനികൾ 38,000 കവിഞ്ഞു. 87,000ത്തിലധികം പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ വെസ്റ്റ് ബാങ്കിൽ 8,672 പേരെ കൊല്ലപ്പെടുകയും 14,583 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.