ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ബൈത്ത് അല്‍ ബറക കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷന്‍ 2040 പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താന്‍ വിലയിരുത്തി. വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ഒമാന്‍ അധ്യാപക ദിനമായി ആചരിക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.
വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ നിക്ഷേപകരും ഒമാനി നിക്ഷേപരെ പോലെ പരിഗണിക്കപ്പെടും. ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായിരിക്കും ഫീസ് കുറയ്ക്കുക. വിഷന്‍ 2040 ലക്ഷ്യം നേടുന്നയതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയും വികസനവും ആവശ്യമാണെന്ന് സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി തൊഴില്‍, സാങ്കേതിക വിദ്യാഭ്യാസ രീതി നടപ്പാക്കണം. 11, 13 ക്ലാസുകളിലെ കുട്ടികളെ തൊഴില്‍, സാങ്കേതിക വിദ്യഭ്യാസ രീതികളിലേക്ക് വഴി തിരിക്കണം. എന്‍ജിനീയറിങ്, വ്യവസായ വൈദഗ്ധ്യം തുടങ്ങിയവ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചു.
അധ്യാപക ദിനത്തില്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് അവധി നല്‍കാനുള്ളതാണ് മന്ത്രിസഭാ യോഗത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഒമാന്‍ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കും. ഇത് വഴി ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനും മന്ത്രി സഭ യോഗം തീരുമാനിച്ചു.