ഹയാ കാർഡ് ഉടമകൾ അതിഥികളുടെ വിവരങ്ങൾ പുതുക്കണം

Update: 2023-03-01 12:02 GMT

 ഖത്തറിലെ ഹയാ കാർഡ് ഉടമകൾ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന അതിഥികളുടെ വിവരങ്ങൾ പുതുക്കണമെന്ന് നിർദേശം. പഴയ വിവരങ്ങൾ റദ്ദാക്കുമെന്നും ലോകകപ്പ് സമയത്തെത്തിയവർ തന്നെയാണ് വീണ്ടുമെത്തുന്നതെങ്കിലും എല്ലാവരുടെയും പേരു വിവരങ്ങൾ വീണ്ടും പുതുക്കണമെന്നും നിർദേശമുണ്ട്.

വിവരങ്ങൾ അക്കൗണ്ടുകളിൽ നിന്ന് റദ്ദാക്കപ്പെട്ടാലും അവരുടെ ഹയാ ആപ്ലിക്കേഷൻ സ്റ്റേറ്റസിൽ മാറ്റമുണ്ടാകില്ല. അതിഥികളുടെ പേര്, പാസ്‌പോർട്ട് വിവരങ്ങൾ, എത്തുമ്പോൾ താമസിക്കുന്ന മേൽവിലാസം (ഹോട്ടൽ അല്ലെങ്കിൽ വീട്), ആതിഥേയരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തുന്നതിന് മുൻപായി വീണ്ടും റജിസ്റ്റർ ചെയ്യണം.

ലോകകപ്പിനായി സന്ദർശകർക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനാണ് ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാക്കിയത്. വിദേശീയർക്ക് മൾട്ടി എൻട്രി വീസയായി ഹയാ കാർഡുകൾ കണക്കാക്കപ്പെടുന്നു. ഖത്തറിലുള്ളവർക്ക് സ്റ്റേഡിയങ്ങളിൽ മത്സര ടിക്കറ്റിനൊപ്പം ഹയാ കാർഡുകളും നിർബന്ധമാക്കിയിരുന്നു. ഖത്തർ ഐഡിയുള്ള ഹയാ കാർഡ് ഉടമയ്ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ 10 പേർക്ക് ആതിഥേയരാകാൻ ലോകകപ്പ് സമയത്ത് അനുമതി നൽകിയിരുന്നു.

വിദേശത്തുള്ള ഹയാ കാർഡ് ഉടമകൾക്ക് സുഹൃത്തുക്കളോ ബന്ധുക്കളോ ആയ 3 പേരെ കൂടി ഒപ്പം കൂട്ടാനുള്ള ഹയാ വിത്ത് മീ ഓപ്ഷൻ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. 2024 ജനുവരി 24 വരെ ഹയാ കാർഡുകളുടെ കാലാവധി നീട്ടുകയും ഹയാ വിത്ത് മീ ഓപ്ഷനിൽ ഉൾപ്പെടെ എത്തുന്നവർക്ക് പ്രവേശനം സൗജന്യമാക്കുകയും ചെയ്തതോടെ കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. എന്നാൽ, ഈ പ്രവേശന ആനുകൂല്യം ദുരുപയോഗം ചെയ്യുന്നവരും കുറവല്ല.

ഹയാ വിത്ത് മീ ഓപ്ഷനിൽ റജിസ്റ്റർ ചെയ്യാനുള്ള വൗച്ചർ കോഡുകൾക്ക് ചില കാർഡ് ഉടമകൾ പണം ഈടാക്കുന്നതായും പരാതികളുണ്ട്. സർക്കാർ സൗജന്യമായി പ്രവേശനം അനുവദിക്കുമ്പോഴാണ് വൗച്ചർ കോഡിന്റെ പേരിൽ പണം ഈടാക്കുന്നത്. എങ്ങനെയെങ്കിലും വൗച്ചർ കോഡ് തരപ്പെടുത്തി കുടുംബത്തെ ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നവരാണ് ഇത്തരം പണക്കെണികളിൽ വീഴുന്നത്.

Similar News