ദോഹ : ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവരിൽ 9 ശതമാനം പേർ ഇന്ത്യക്കാർ. സന്ദർശകരുടെ എണ്ണത്തിൽ സൗദി പൗരന്മാരാണ് കൂടുതൽ. യുഎസ്, മെക്സിക്കോ, യുകെ, അർജന്റീന, ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.ഇതുവരെ എത്തിയവരിൽ 55 ശതമാനം പേരും ഈ 10 രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ടെങ്കൽ വ്യക്തമാക്കി. 11 ശതമാനം പേരാണ് സൗദിയിൽ നിന്ന് എത്തിയത്. 7 ശതമാനം പേർ യുഎസിൽ നിന്ന്. 6 ശതമാനം വീതം പേർ മെക്സിക്കോ, യുകെ രാജ്യങ്ങളിൽ നിന്നാണ്. അർജന്റീനക്കാർ 4 ശതമാനം.
ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ രാജ്യങ്ങളിൽനിന്ന് 3 ശതമാനം വീതവും. ടൂറിസം കലണ്ടറിലെ വൈവിധ്യവും ലോകകപ്പും സന്ദർശകരുടെ എണ്ണം ഇനിയും കൂട്ടുമെന്നാണ് വിലയിരുത്തൽ. ലോകകപ്പ് കാലത്ത് 10 ലക്ഷത്തിലധികം പേർ എത്തുമെന്നാണ് കരുതുന്നത്. മുൻ കണക്കുകൾ പ്രകാരം സന്ദർശകരിൽ മൂന്നിലൊന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽനിന്നാണ്.ഇതിൽ മുന്നിലുള്ള സൗദിയിൽ നിന്നുള്ള 95 ശതമാനം പേരും ഒമാനിൽ നിന്നുള്ളവരിൽ 57ശതമാനം പേരും കരമാർഗമെത്തുന്നവരാണ്. ഒമാനിൽ നിന്ന് ദോഹയിലേക്ക് റോഡ് മാർഗം 12 മണിക്കൂർ ആണ് യാത്രാദൈർഘ്യം.