ദോഹ∙: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് യാത്രക്കാർക്ക് വിനോദം പകർന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് നിരവധി വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കടുക്കാവുന്ന കൊച്ചു കൊച്ചു വിനോദങ്ങൾ സന്ദർശകർക്ക് കൗതുമുയർത്തുകയാണ്. മത്സരദിനത്തിലെ തീം പ്രകടനങ്ങൾ, മൊസൈക് ഫോട്ടോവാൾ, കുട്ടികൾക്കായുള്ള വിവിധ മേഖലകൾ, ഫാൻ സോണുകൾ, കാഴ്ചാ സോണുകൾ എന്നിവയിലെല്ലാം സന്ദർശകർ പങ്കാളികളാകുന്നുണ്ട് . ഇന്ററാക്ടീവ് വെർച്വൽ പരിപാടികളിൽ പ്രധാനം ലഈബ് ഭാഗ്യചിഹ്നവുമായി കളിക്കാർക്ക് സംവദിക്കാൻ കഴിയുന്ന റിയാലിറ്റി പരിപാടിയായ എആർ ഫുട്ബോളാണ്.
ഒപ്പം പ്രിയപ്പെട്ട ടീം ജഴ്സിക്കൊപ്പം ചിത്രങ്ങൾ എടുക്കാനും തങ്ങളുടെ ഇ-മെയിലിലേക്ക് നേരിട്ട് അയക്കാനും സാധിക്കുന്ന വിധത്തിൽ ട്രൈ യുവർ ടീംസ് ജഴ്സി ബൂത്തും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഡ്രോയിങ്, ഫെയ്സ് പെയ്ന്റിങ്, സോക്കർ ബോൾ പിറ്റ്, കൂറ്റൻ ലിഗോ സജ്ജീകരണങ്ങൾ എന്നിവയുണ്ട്.
വിമാനത്താവളത്തിന്റെ സൗത്ത് പ്ലാസയുടെ മധ്യഭാഗത്ത് പ്രശസ്തമായ ലാമ്പ് ബിയറിനോടു ചേർന്നാണ് മൊസൈക്ക് ഫോട്ടോവാൾ ഒരുക്കിയിരിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തോടെ നോർത്ത് പ്ലാസയിൽ നിരവധി ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ സ്പോർട്‌സ് ഫോർ ഹെൽത്ത്, ബ്രിങ് ദി മൂവ്സ് ക്യാംപെയ്ൻ ബൂത്തുകൾ എന്നിവയാണ് പ്രധാനം.