ലോകകപ്പ് ആരാധകർക്ക് വിനോദം പകരാൻ നവീകരിച്ച എട്ട് ബീച്ചുകൾ കൂടി

Update: 2022-11-28 13:08 GMT

ദോഹ∙: ലോകകപ്പ് മത്സരങ്ങൾ മാത്രമല്ല ഒപ്പം നിറയെ വിനോദ കേന്ദ്രങ്ങൾ കൂടിയാണ് ഖത്തർ ആരാധകർക്കായി നൽകിയത്. 8 ബീച്ചുകൾ കൂടിയാണ് ഇപ്പോൾ തുറന്നിരിരിക്കുന്നത്. അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും നവീകരണത്തിനുശേഷം പൊതുജനങ്ങൾക്കായി തുറന്നു. രാജ്യത്തെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുളള സൂപ്പർവൈസറി കമ്മിറ്റിയാണ് നഗരസഭ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബീച്ചുകളും പാർക്കും നവീകരിച്ചത്. സന്ദർശകർക്ക് ലഘുഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കാൻ 5 ഫുഡ് കിയോസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്.

അൽഖോർ പാർക്കിലെ മിനി മൃഗശാലയും നവീകരിച്ചു. സിംഹങ്ങളുടെയും കുരങ്ങുകളുടെയും കൂടുകൾക്കു ചുറ്റും വലിയ കുടകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കളിസ്ഥലങ്ങളുടെ നിലവും മാറ്റിസ്ഥാപിച്ചു. ഇവിടെ ആഴ്ചയിൽ 7 ദിവസവും രാവിലെ 8 മുതൽ രാത്രി 11 വരെ പ്രവേശനമുണ്ട്. നഗരസഭ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ ഔൻ ആപ്പ് മുഖേനയോ പ്രവേശന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അൽമത്താർ, ഹയാത്ത് പ്ലാസ, ഗൾഫ് മാൾ, മൻസൂറ, അൽവക്ര, അൽഖോർ, അൽദഖീറ, അൽഷമാൽ എന്നിവിടങ്ങളിലെ അൽമീര ബ്രാഞ്ചുകളിൽ നിന്നും സന്ദർശകർക്ക് ടിക്കറ്റുകൾ വാങ്ങാം.

വാരാന്ത്യങ്ങളിൽ മാത്രം 4,000ലധികം പേരാണ് ഇവിടെയെത്തുന്നത്. അൽവക്ര ഫാമിലി ബീച്ച്, പബ്ലിക് ബീച്ച്, സിമൈസിമ ഫാമിലി ബീച്ച്(അൽദായേൻ), അൽഖരീജ് ബീച്ച്(അൽറയ്യാൻ), സഫ അൽതൗഖ് ബീച്ച്, അൽഫെർഖിയ ബീച്ച്(അൽഖോർ ദഖീറ), അൽഗാരിയ ബീച്ച്(അൽശമാൽ), സീലൈൻ ബീച്ച്(അൽവക്ര) എന്നിവയും തുറന്നു. വോളിബോൾ, ഫുട്ബോൾ തുടങ്ങി വിവിധ കായിക വിനോദങ്ങൾക്കും അവസരമുണ്ട്.

Similar News