ദോഹ : ഇഷ്ടമുള്ള ഭക്ഷണം, സുലഭമായി ബിയർ, സംഗീത പരിപാടികളും കാഴ്ചകളും, ഫിസിക്കൽ, ഡിജിറ്റൽ ഫുട്‌ബോൾ ഗെയിം സ്‌റ്റേഷനുകളും ഏറെ. .ഇതിൽ കൂടുതൽ ജനശ്രദ്ധയാകർഷിക്കാൻ ഇനിയെന്താണ് വേണ്ടത് ! അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ ലോകകപ്പിന്റെ തിരക്കേറിയ ഇടമായി മാറി കഴിഞ്ഞു.
ലോകകപ്പ് ഉദ്ഘാടനത്തിന് ഒരു ദിനം മുൻപേ തന്നെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി പ്രവർത്തനം തുടങ്ങിയിരുന്നു. പുലർച്ചെ വേദി അടയ്ക്കുന്നതു വരെ ആരാധകരുടെ തിരക്കാണ്. മത്സരങ്ങളുടെ തൽസമയ സംപ്രേഷണത്തിനായി ഭീമൻ സ്‌ക്രീനുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
പ്രധാന വേദിക്ക് തൊട്ടപ്പുറത്താണ് ഫുഡ് കോർട്ടുകൾ. ഇവിടെ പ്രാദേശിക രുചി മുതൽ രാജ്യാന്തര രുചികൾ വരെ . ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിങ്ങനെ പ്രത്യേക ബോർഡുകൾ തന്നെയുണ്ട്. ഓരോ രാജ്യക്കാർക്കും തങ്ങളുടെ തനത് വിഭവം തന്നെ ഇവിടെ ലഭിക്കും. ഫുഡ് സ്റ്റാളുകൾക്ക് മുൻപിലായി ഇരുന്ന് ഭക്ഷണം കഴിക്കാനും സൗകര്യം. ഇതിന് മുൻപിലായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ സ്‌ക്രീനിലൂടെ വേദികളിലെ പരിപാടികളും കാണാം. ഫുഡ് കോർട്ടിനപ്പുറത്ത് ബിയർ പാർലറുകളും റെഡി.
ഈ മാസം 29 മുതൽ ഡിസംബർ 2 വരെ ഫാൻസ് കപ്പും കാണാം. ലോകകപ്പ് ആരാധകർക്കായി ഫിഫ ടൂർണമെന്റിന് സമാനമായ രീതിയിലാണ് ഫാൻസ് കപ്പും നടത്തുന്നത്.ലോകകപ്പിൽ മത്സരിക്കുന്ന 32 രാജ്യങ്ങളിൽ നിന്നുള്ള ആരാധകരാണ് ടീമുകളിലുള്ളതെന്നതും ശ്രദ്ധേയം. ഫിഫയുടെ മ്യൂസിയം, സ്‌പോൺസർമാരുടെ ഔദ്യോഗിക സ്‌റ്റോറുകളും ഇവിടെയുണ്ട്. ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാണ്.