വിഭാകർ പ്രസാദ്
അനിൽ ആന്റണിയുടെ ബിജെപി പ്രവേശം മാധ്യമങ്ങളിൽ നിറയുമ്പോൾ ആരും പരാമർശിച്ചു കാണാത്തൊരു വസ്തുതയുണ്ട്. 'ആദർശധീര'നായ എ.കെ.ആന്റണിയുടെ മകൻ എങ്ങനെ കോൺഗ്രസ് 'നേതാവാ'യി എന്നുള്ളതാണത്. കേരളത്തിലെ പാർട്ടിയുടെ സോഷ്യൽ മീഡിയ സെൽ മേധാവിയായി അനിൽ ആന്റണി എത്തിയതിൽ അസ്വാഭാവിക തോന്നുന്നത് മക്കൾ രാഷ്ട്രീയത്തിനെതിരെ എന്നും കർശന നിലപാടെടുത്തിരുന്ന എ.കെ.ആന്റണിയുടെ മകൻ എന്നതു കൊണ്ടാണ്. പിൽക്കാലത്ത് നെഹ്രുകുടുംബത്തിന് മാത്രമാണ് എ.കെ.ആന്റണി ഇക്കാര്യത്തിൽ 'ഇളവ്' അനുവദിച്ചിരുന്നത്. സേവാദൾ ചെയർമാനാക്കി കെ.മുരളീധരനെ കോൺഗ്രസിലേക്ക് കെ.കരുണാകരൻ ഒളിച്ചു കടത്തിയതിന് സമാനമായി ഇതിനെ കണ്ടവരുണ്ട്. കെ.കരുണാകരന്റെ പതനത്തിന് കാരണമായത് അമിത പുത്രസ്നേഹത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആശ്രിതരായി കോൺഗ്രസിൽ നിന്നവർ പോലും അകന്നതാണ്. കരുണാകരന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുനടന്നിരുന്ന അന്നത്തെ എ ഗ്രൂപ്പ് ഈ സാഹചര്യം നന്നായി മുതലെടുക്കുകയും ചെയ്തിരുന്നു. അന്ന് കരുണാകരന്റെ കുടുംബാംഗങ്ങളുടെ കൂട്ടത്തോടെയുള്ള രാഷ്ട്രീയപ്രവേശത്തെ ഒളിഞ്ഞും തെളിഞ്ഞും ആന്റണി എതിർത്തിരുന്നു. പിന്നീട് സ്ഥാനാർഥിനിർണയ സമയത്ത് കരുണാകരനുണ്ടായ വിഖ്യാതമായ മൂത്രശങ്കയും അതിന്റെ മറവിൽ കെ.മുരളീധരൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറുകയും ഒക്കെ ചെയ്യുമ്പോൾ എ ഗ്രൂപ്പിന്റെ അനിഷേധ്യ നേതാവായ എ.കെ.ആന്റണി ഒരിക്കൽ പോലും തന്റെ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരില്ല എന്നാണ് അനുയായികൾ കരുതിയിരുന്നത്. ഒരു പക്ഷേ അദ്ദേഹവും അതാഗ്രഹിച്ചിട്ടുണ്ടാകില്ല.
പക്ഷേ ഏതെങ്കിലും ഒരു ഘട്ടത്തിൽ അനിൽ അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കാം. അവിടെ അദ്ദേഹം തന്റെ കുപ്രസിദ്ധമായ മൗനം ആയുധമാക്കിയിട്ടുണ്ടാകാം. ഏതായാലും ആ 'മൗനാനുവാദ'ത്തോടെ കടന്നുവന്ന് കേരളത്തിലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ സെൽ മേധാവി ആയ അനിൽ ആന്റണിക്ക് തൊട്ടതെല്ലാം പിഴച്ചതാണ് കണ്ടത്. കെ.എസ്.യു വിലോ യൂത്ത് കോൺഗ്രസിലോ പ്രവർത്തിച്ച് പരിചയമില്ലാത്ത അനിൽ ആന്റണിക്ക് പ്രായോഗിക രാഷ്ട്രീയത്തിലെ പരുക്കൻ അടവുകൾ ഒന്നും സ്വായത്തുവുമായിരുന്നില്ല. അനിലിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചിരുന്ന കോൺഗ്രസിലെ തന്നെ യുവ നേതാക്കൾക്ക് അദ്ദേഹത്തെ പഞ്ഞിക്കിടാൻ ഒട്ടും യത്നിക്കേണ്ടിയും വന്നില്ല. സ്വാഭാവികമായും അനിൽ ആന്റണി എന്ന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രോഡക്ടിലെ കരിയറിസ്റ്റിന് അങ്ങേയറ്റത്തെ ഇച്ഛാഭംഗവും കടുത്ത അരക്ഷിതബോധവും ഉടലെടുത്തു. നിലനിൽപ്പിന് വേണ്ടി ശ്വാസം ആഞ്ഞുവലിക്കുന്ന കോൺഗ്രസിൽ തനിക്ക് ഇനി വലിയ അവസരങ്ങളില്ല എന്ന തിരിച്ചറിവ് അനിലിനുണ്ടായിരിക്കണം. ഒരു കാലത്ത് കോൺഗ്രസിലെ സർവശക്തനായിരുന്ന, ഇന്ത്യയിൽ ഏറ്റവുംനീണ്ടകാലം പ്രതിരോധമന്ത്രിയായി വാണ ഒരാളുടെ പുത്രന് ഇത് താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. രാഹുൽ ഗാന്ധിയുടെ ഇന്നർ സർക്കിളിലേക്ക് പ്രവേശനവും അസാധ്യമായതോടെ മുറിവേറ്റ ഈഗോയും വച്ച് അനിലിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധിയാണ് അദ്ദേഹം ഇപ്പോൾ ചെയ്തത്.
എന്തൊക്കെ പറഞ്ഞാലും എ.കെ.ആന്റണിക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനനാളുകളിലെ ഒരു പരാജയം തന്നെയാണ് ഇത്. സ്വന്തം പുത്രന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ പോലും പരുവപ്പെടുത്താൻ പറ്റാത്ത ആന്റണി ,ഇത്രനാൾ അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട നിഷ്‌ക്രിയത്വത്തിനെ ശരിവയ്ക്കുകയാണ് മകൻ ബിജെപിയെ വരിച്ചതിലൂടെ.എൺപത്തിരണ്ടാം വയസിൽ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണുനിറഞ്ഞ് നിന്ന് പാർട്ടിയോടും ഗാന്ധികുടുംബത്തോടുമുള്ള തന്റെ കൂറ് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടുതന്നെയാണ്. ഇനി അനിലിനെ കൊണ്ട് ബിജെപിക്ക് എന്തുകാര്യം എന്നു ചോദിക്കാം. അനിലിന്റെ ബിജെപി പ്രവേശത്തിലൂടെ ആന്റണിയുടെ മകൻ പോലും തങ്ങളിൽ അഭയം പ്രാപിച്ചു എന്ന സന്ദേശം പൊതുസമൂഹത്തിലേക്കെത്തിക്കുന്നത് വഴി ക്രിസ്ത്യൻ സമുദായത്തെ കൂടെനിർത്തി കേരളത്തിന്റെ ഇലക്ടറൽ ചിത്രം മാറ്റിവരയ്ക്കാനുള്ള ഗ്രാൻഡ് പ്ലാനിലെ ഒരു ഇവന്റാക്കി ഇതിനെ ബിജെപി മാറ്റി. അതിനപ്പുറമൊന്നും അനിലിൽ നിന്ന് ബിജെപി പ്രതീക്ഷിക്കുന്നില്ല.മൃദു ഹിന്ദുത്വവാദിയെന്നും നാസ്തികനെന്നും ന്യൂനപക്ഷങ്ങൾ സമ്മർദശക്തിയാകുന്നു എന്ന് പരസ്യപ്രസ്താവന നടത്തിയിട്ടുള്ളയാളുമായ എ.കെ.ആന്റണിയുടെ മകനെ ക്രിസ്ത്യൻ പ്രതിനിധികളുടെ അക്കൗണ്ടിൽ പെടുത്താൻ ത്രീവചിന്താഗതിയുള്ള ക്രിസ്ത്യൻ സമുദായഅംഗം പോലും തയ്യാറാകുമോ എന്നത് പ്രസക്തമായ ചോദ്യമായി നിലനിൽക്കുന്നുണ്ട്.
ആന്റണിയുടെ മേൽവിലാസമല്ലാതെ കേരളത്തിലെ വോട്ടമാർക്കിടയിൽ യാതൊരു സ്വാധീനവും ഇല്ലാത്ത ഏറെക്കുറെ അജ്ഞാതൻ തന്നെയാണ് അനിൽ ഇപ്പോഴും. അനിലിന്റെ അക്കാദമിക യോഗ്യതകൾക്കനുസരിച്ച് ഐടി സെല്ലിൽ ഒരു ആലങ്കാരിക പദവിയോ ഏറിയാൽ ഒരു സഹമന്ത്രി സ്ഥാനമോ ഒക്കെ നൽകി അനിലിനെ തൃപ്തിപ്പെടുത്തിയേക്കും. അതും അടുത്ത ലോക്സഭാ ഇലക്ഷൻ വരെ മാത്രം.അതിനു ശേഷം ബിജെപിക്ക് കേരളത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നേട്ടത്തിന്റെ അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന നഷ്ടത്തിന്റെ തോത് ആയിരിക്കും അനിൽ ആന്റണിയുടെ ബിജെപിയിലെ രാഷ്ട്രീയ ഭാവി തീരുമാനിക്കുക..അത്തരത്തിൽ നോക്കിയാൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു പൊളിറ്റിക്കൽ ഇവന്റ് , ചാനൽ,സോഷ്യൽ മീഡിയാ ചെളിയെറിയൽ ചർച്ചകളിൽ എതിരാളിയുടെ വായടയ്ക്കാൻ ഉപയോഗിക്കാവുന്ന ഒരു പേര് എന്നതിനുപ്പറം ബിജെപിക്ക് അനിലിന്റെ വരവ് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കാൻ പോകുന്നില്ല...ഇനി അനിലിന് എന്തെങ്കിലും ഗുണമുണ്ടാകമോ എന്നത് തലവരയുടെ ബലം പോലിരിക്കുകയും ചെയ്യും. എന്നാലും എ.കെ.ആന്റണിയുടെ മകൻ ഇതു ചെയ്തല്ലോ എന്ന കടുത്ത കോൺഗ്രസുകാരുടെ നെഞ്ചിലിരിക്കുന്ന കല്ല് ഉണ്ടാക്കുന്ന അസ്വസ്ഥത മാത്രമാതും ആകെ ബാക്കിയുണ്ടാകുന്നത്.