ഒമാൻ: ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്‌സിനേഷൻ നടപടികൾ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്‌സിനേഷൻ, മെഡിക്കൽ പരിശോധനാ നടപടികൾ 2023 ഏപ്രിൽ 16, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഏപ്രിൽ 9-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഒമാനിലെ പ്രാഥമിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നാണ് ഈ വാക്‌സിനേഷൻ നൽകുന്നതും, മെഡിക്കൽ പരിശോധനാ നടപടികൾ നടത്തുന്നതുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇവർക്ക് ഒമാനിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് താഴെ പറയുന്ന വാക്‌സിനുകളാണ് നൽകുന്നത്:
- മെനിങ്ങ്‌ഗോകോക്കൽ മെനിഞ്ചൈറ്റിസിനുള്ള (Meningococcal Meningitis - ACYW135) ക്വാഡ്രിക് വാക്‌സിനേഷൻ.
- സീസണൽ ഫ്‌ലൂ വാക്‌സിൻ.
- COVID-19-നെതിരായ ബൈവാലന്റ് വാക്‌സിൻ.
ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന പ്രവാസികൾക്കും, പൗരന്മാർക്കും സൗദി അറബ്യയിലേക്ക് പ്രവേശിക്കുന്നതിന് മേൽപ്പറഞ്ഞ വാക്‌സിനുകൾ നിർബന്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.