ഒമാനിലെ അസ്ഥിര കാലാവസ്ഥ; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു

Update: 2024-03-09 08:22 GMT

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി പുറംതൊഴിലിടങ്ങളിലെ ജോലികൾ താത്കാലികമായി നിർത്തിവെക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തൊഴിൽ സംബന്ധമായ തീർത്തും അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും മാറ്റിവെക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിരിക്കുന്നത്:

  • ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരേണ്ടതും, തൊഴിലാളികളെ അറിയിക്കേണ്ടതുമാണ്.
  • പുറംതൊഴിലിടങ്ങളിലെ ഉപകരണങ്ങൾ സുരക്ഷിതമാക്കി വെക്കേണ്ടതാണ്.
  • ക്രയിനുകൾ, മറ്റു ലിഫ്റ്റിങ് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കേണ്ടതാണ്.
  • സുരക്ഷിതമായ ഇൻഡോർ ഇടങ്ങളിൽ തുടരാനും, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും തൊഴിലാളികളോട് നിർദ്ദേശിക്കേണ്ടതാണ്.
  • അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും മാറ്റിവെക്കേണ്ടതാണ്.
  • കാലാവസ്ഥാ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് വരെ എല്ലാ ഉദ്ഖനനപ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണ്.
  • പുറം തൊഴിലിടങ്ങളിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കേണ്ടതാണ്.
  • രാസവസ്തുക്കൾ, മറ്റു അപകടകരമായ വസ്തുക്കൾ എന്നിവ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതും, സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സൂക്ഷിക്കേണ്ടതുമാണ്.
  • ഉയർന്ന ഇടങ്ങൾ, കെട്ടിടങ്ങളുടെ പണികൾക്കായി നിർമ്മിച്ചിട്ടുള്ള തട്ടുകൾ എന്നിവയിൽ തൊഴിലാളികൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • താഴ്വരകൾ മുറിച്ച് കടക്കുന്നത് ഉൾപ്പടെയുള്ള അപകടകരമായ പ്രവർത്തികൾ ഒഴിവാക്കാൻ തൊഴിലാളികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

Tags:    

Similar News