ന്യൂനമർദം ; ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ
ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. താപനിലയില്‍ വലിയ മാറ്റമുണ്ടാകും.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച അഞ്ച് മുതല്‍ 15 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, ദാഹിറ ഗവര്‍ണറേറ്റുകളില്‍ തെക്കു കിഴക്കന്‍ കാറ്റ് വീശും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ എന്നിവിടങ്ങളില്‍ 10 മുതല്‍ 40 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.
വാദികള്‍ നിറഞ്ഞൊഴുകുമെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവര്‍ണറേറ്റിന്‍റെ പടിഞ്ഞാറന്‍ തീരങ്ങളിലും ഒമാന്‍ കടലിന്‍റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും.
അതേസമയം യുഎഇയില്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പുണ്ട്. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇനി വരുന്ന ദിവസങ്ങളിലും താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടല്‍മഞ്ഞും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍റെ ചില പ്രദേശങ്ങള്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ നേരിയ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. എന്നാല്‍ ഹത്തയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വാദികളിലും താഴ്വരകളിലും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.