തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു; ഒമാനിൽ കനത്ത ജാഗ്രത നിർദേശം
തേജ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് അവധി. 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.
കനത്ത കാറ്റും മഴയുമാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, സലാല തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരീയതോതിൽ തുടങ്ങിയ മഴ അർധ രാത്രിയൊടെ ശക്തിയാർജിക്കുകയായിരുന്നു.
ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. 20 സെന്റിമീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ദോഫാർ ഗവർണറേറ്റിന്റെയും യമനിലെ അൽ മഹ്റ ഗവർണറേറ്റിന്റെയും തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നത് തുടരുകയാണെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെ കരുത്താർജിച്ച കാറ്റ് അതിശക്തിയോടെയാണ് ഒമാൻ-യമൻ തീരത്തേക്ക് നീങ്ങിയത്. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ നാലോടെ ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിലേക്ക് മാറുകയും ചെയ്തു. കാറ്റ് ദുർബലമായി ചൊവ്വാഴ്ചയോടെ യമൻ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത കാറ്റും മഴയും തുടരും.
തേജ് ചുഴലിക്കാറ്റ് ഒമാന്റെ അല്‍ദോഫര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണര്‍റേറ്റുകളില്‍ ആഞ്ഞു വീശുന്ന പശ്ചാത്തലത്തില്‍ ദേശീയ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പ് കണക്കിലെടുത്തും രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും അല്‍ ദഹാരിസ്, ന്യൂ സലാല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ഒമാന്‍ സമയം 2.30 മുതല്‍ അടച്ചിടാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അല്‍സഅദ, അവഖാദ്, സലാല അല്‍ ഗര്‍ബിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടരും.
തുറമുഖ അധികൃതർ, സമുദ്ര ഗതാഗത കമ്പനികൾ, കപ്പൽ ഉടമകൾ, മറൈൻ യൂനിറ്റുകൾ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നിർദേശം നൽകി. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.