ഒമാനിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഒമാൻ മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ദൻ പറഞ്ഞു. ഒമാനിൽ ശൈത്യകാലം ഡിസംബർ 21 അല്ലെങ്കിൽ 22നോ ആരംഭിക്കും. നിലവിൽ പ്രഭാതങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രികാലങ്ങളിൽ താപനില താഴ്ന്ന നിലയിലാണ്.
പലയിടത്തും 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് സാദിഖിലാണ്. 12.3 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. ബിദിയ്യ, ഹൈമ, മസ്യുന, മുഖ്ഷിൻ എന്നിവിടങ്ങളിൽ 17 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
വാദി ബാനി ഖാലിദ്, കെയ്റോ ഹിരിതി, തുംറൈത് എന്നിവിടങ്ങളിൽ 18 ഡിഗ്രി സെൽഷ്യസുമാണ് ചൂട്. ഏറ്റവും ഉയർന്ന താപനിലയായ 33.6 ഡിഗ്രി സെൽഷ്യസ് ദാനാ വാ തയ്യിനിയിലാണ്. ഇബ്രി, സുനൈന 33, ഫഹുദ്, ബിദ്ബിദ്, ഇബ്ര, ബർക എന്നിവിടങ്ങളിൽ 32 ഡിഗ്രി സെൽഷ്യസ് ചൂടുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ മേഘങ്ങളുടെ ഒഴുക്കുണ്ടായിരുന്നു. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ള ഉയർന്നതും ഇടത്തരവുമായ മേഘാവൃതമാണ് മുസന്ദം പ്രവചിച്ചിരുന്നത്. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.