മസ്‌കറ്റ് : ഒമാനില്‍ കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് മൃതദേഹങ്ങള്‍ കൂടി സ്ഥലത്തു നിന്ന് കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ കിണറിന്റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ട് പേരുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി സിവില്‍ ഡിഫന്‍സ് സംഘം കണ്ടെടുക്കുകയായിരുന്നു. ഏത് രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നുള്ള വിവരം ലഭ്യമായിട്ടില്ല. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുമ്പോള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി ഓര്‍മിപ്പിച്ചു