ഒമാൻ : വിവിധ അതിർത്തികളിലൂടെ എത്തുന്ന സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനവുമായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി. ആരോഗ്യ ഇൻഷുറൻസ് മേഖല വ്യവസ്ഥാപിതമാക്കുന്നതിൻറെ ഭാഗമായാണിത്. ഇൻഷുറൻസ് മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന 2021-2025 കാലത്തേക്കുള്ള പദ്ധതിയുടെ ഭാഗമാണിത്.
വിനോദസഞ്ചാര മേഖലയുടെ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഇടങ്ങളും വിലായത്തുകളും സന്ദർശിക്കുമ്പോൾ അപകട പരിരക്ഷ നൽകുന്ന രാജ്യമെന്ന പേരും ഇതോടെ ഒമാന് ലഭിക്കും. പോളിസി ഉടമകളായ വിനോദസഞ്ചാരികൾ, ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ഇൻഷുറൻസ് ബന്ധം നിയന്ത്രിക്കാനും കഴിയും.
രാജ്യത്തെ വിവിധ ഇൻഷുറൻസ് കമ്പനികളുടെ വെബ്‌സൈറ്റിലൂടെ പോളിസി എടുക്കാം. കൂടുതൽ മേഖലകളിൽ പരിരക്ഷ ആവശ്യമുള്ളവർക്ക് അധികമായി ചേരാം. വിസ കാലാവധി അവസാനിക്കുന്നത് വരെ മാത്രമായിരിക്കും പരിരക്ഷ. കിടത്തി ചികിത്സ, അടിയന്തര ആരോഗ്യ പ്രശ്‌നം, മരിച്ചാൽ മൃതദേഹം നാട്ടിലേക്ക് അയക്കുക തുടങ്ങിയവയാണ് പ്രാഥമിക ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുക.