ഒമാനിൽ വ്യാജ ഉത്പന്നങ്ങൾ വില്പന ചെയ്ത രണ്ട് സ്ഥാപനങ്ങൾക്ക് കനത്ത പിഴ

Update: 2022-11-09 08:15 GMT

മസ്‍കത്ത് : വ്യാജ ഉത്പന്നങ്ങള്‍ വിറ്റ ഒമാനിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ. അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയത്. 1500 ഒമാനി റിയാല്‍ വീതമാണ് ഇരുസ്ഥാപനങ്ങൾക്കും പിഴ ചുമത്തിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള യാതൊരു ചട്ടങ്ങളും പാലിക്കാത്ത ഉത്പന്നങ്ങൾ ആയിരുന്നു സ്ഥാപനങ്ങളിൽ വില്പന നടത്തിയിരുന്നത്.

വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്തതിന് പുറമെ വ്യാജ ഉത്പങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തു. ഈ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനും നിബന്ധനകള്‍ പാലിക്കാത്തതിനും 1500 ഒമാനി റിയാല്‍ വീതം പിഴ ചുമത്തുകയും ചെയ്തു.

ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും അപകടത്തിലാക്കുന്ന ഒരു പ്രവര്‍ത്തനവും അംഗീകരിക്കാനാവില്ലെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ വിവിധ മാര്‍ഗങ്ങളിലൂടെ അക്കാര്യം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഉപഭോക്തൃ താത്പര്യം മുന്‍നിര്‍ത്തി വാണിജ്യ കേന്ദ്രങ്ങളിലും വിപണികളിലും മാര്‍ക്കറ്റുകളിലും നടത്തിവരുന്ന പതിവ് പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു റെയ്ഡുകൾ നടത്തിയത്. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ബന്ധപ്പെട്ട ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്.

Similar News