ഷാഹി ജമാമസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാം: കോടതി

Update: 2025-01-10 10:24 GMT

സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യം സമാധാനവും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സ‍ഞ്ജീവ് ഖന്ന പറ​ഞ്ഞു. ഷാഹി ജമാ മസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കിണര്‍ ക്ഷേത്രത്തിന്‍റെതെന്ന് ഹിന്ദു വിഭാഗം അവകാശപ്പെടുന്നതായി മസ്ജിദ് കമ്മിറ്റി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ ഇടപെടല്‍.  

കിണറിനടുത്ത് പൂജ നടത്താനാണ് നീക്കമെന്നും ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. കിണറില്‍ പരിശോധിച്ച് നവീകരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് നടപ്പാക്കരുതെന്ന് നിര്‍ദേശിച്ച കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് യുപി സര്‍ക്കാരിന് നോട്ടിസയച്ചു.

കിണർ മറ്റാരെങ്കിലും ഉപയോഗിച്ചാൽ ദോഷമില്ലെന്നും വാദത്തിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു. പള്ളിയില്‍ സർവേ നടത്താനുള്ള സിവിൽ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീലിൽ വാദം കേൾക്കുകയായിരുന്നു കോടതി. 

Tags:    

Similar News