പ്രിയങ്കാ ഗാന്ധിക്ക് എതിരായ ബിജെപി നേതാവ് രമേശ് ബിധുരിയുടെ പരാമർശം ; രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

Update: 2025-01-09 08:45 GMT

ഡൽഹിയിലെ റോഡുകൾ പ്രിയങ്ക ​ഗാന്ധിയുടെ കവിൾ പോലെ മനോഹരമാക്കുമെന്ന ബിജെപി സ്ഥാനാർത്ഥി രമേഷ് ബിധുരിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. പരാമർശം ആക്ഷേപകരമാണെന്നും, അവസരത്തിന് യോജിക്കാത്തതാണെന്നും പ്രിയങ്ക പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ഗൗരവമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.

അതേസമയം, പ്രിയങ്കയ്ക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ എംപിയും ഡൽഹി കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രമേഷ് ബിധുരി രംഗത്തെത്തിയിരുന്നു. വിജയിച്ചാല്‍ മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു പ്രചാരണത്തിലെ പരാമര്‍ശം.

ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍പോലെ മനോഹരമാക്കുമെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് വാഗ്ദാനം പാലിച്ചില്ലെന്നും താന്‍ അതുപോലെയല്ലെന്നും ബിധുരി പറഞ്ഞിരുന്നു. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിധുരി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തി. പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച ബിധുരി തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ന്യായീകരിച്ചു. എംപിയായിരുന്നപ്പോള്‍ ലോക് സഭയില്‍ അസഭ്യപരാമര്‍ശം നടത്തിയ ബിധുരിയെ ബിജെപി താക്കീത് ചെയ്തിരുന്നു.

ഇതിന് പിന്നാലെ പുതിയൊരു വിവാദത്തിന് ബിധുരി തുടക്കം കുറിച്ചു. ഡൽഹി മുഖ്യമന്ത്രി അച്ഛനെ മാറ്റിയെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. മുമ്പ് അതിഷി മെർലെന എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര്. എന്നാൽ, ഇപ്പോൾ അത് അതിഷി സിംഗ് എന്നായെന്നും ഇതാണ് ആം ആദ്മി പാർട്ടിയുടെ സ്വഭാവമെന്നും ബിധുരി പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കെതിരായ അസഭ്യ പരാമർശത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് അടുത്ത പരാമർശവും വിവാദമായിരിക്കുന്നത്. കൽക്കാജി മണ്ഡലത്തിലെ സ്ഥാനാർത്ഥിയും, മുൻ എംപിയുമാണ് ബിധുരി. ബിജെപി എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. 

Tags:    

Similar News