തൊട്ടാല്‍ മുടി കൊഴിയും; അസാധാരണമായ മുടി കൊഴിച്ചില്‍ ഭയന്ന് മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍
മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലിലാണ്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ കൊച്ചു കുട്ടികളുടെ പോലും മുടി കൊഴിയുന്ന അവസ്ഥയാണ് ഇവിടെ. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള ബൊര്‍ഗാവ്, കല്‍വാദ്, ഹിന്‍ഗ്‌ന എന്നീ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ അപൂര്‍വ്വ അവസ്ഥ. നിരവധി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ അവസ്ഥയിലൂടെ പോകുകയാണ്.
30 മുതല്‍ 40 പേര്‍ വരെ മൊട്ടകളും കഷണ്ടിയുള്ളവരുമായി. ആളുകളുടെ ആശങ്ക വര്‍ധിച്ചതോടെ പരിശോധന തുടങ്ങിയിരിക്കുകയാണ് ബുല്‍ധാന ജില്ലയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ള അനേകം പേര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുകയാണ്. ഗ്രാമവാസികളുടെ മുടിയുടെയും ത്വക്കിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചു.
മുടികൊഴിച്ചില്‍ തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് തലയില്‍ ഒരു മുടി പോലും ഇല്ലാതെ എല്ലാം കൊഴിഞ്ഞു പോകുന്നു. വെറുതെയൊന്ന് തൊടുമ്പോഴും, ബലം പ്രയോഗിക്കാതെ വലിക്കുമ്പോഴും മുടി ഒന്നാകെ കൊഴിഞ്ഞുവീഴുന്നത്. തലയില്‍ ചില ഭാഗങ്ങളില്‍ മാത്രം മുടി പൂര്‍ണമായി കൊഴിഞ്ഞു പോയവരുമുണ്ട്. ഭയന്നു പോയ ഗ്രാമവാസികളില്‍ നിരവധിപ്പേര്‍ ചികിത്സ തേടിയതോടെയാണ് സംഭവം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
എന്തെങ്കിലും രോഗത്തിന്റെ ഭാഗമാണോ അതോ മറ്റ് എന്തെങ്കിലും ഘടകമാണോ പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ഞായറാഴ്ച മുതല്‍ മുടി കൊഴിച്ചിലുണ്ടെന്നും കൊഴിഞ്ഞ മുടി ബാഗില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരു വയോധിക പറഞ്ഞു. 10 ദിവസമായി മുടിയും താടിയും കൊഴിയുന്നുവെന്ന് ഒരു യുവാവും പറയുന്നു. മുടി കൊഴിഞ്ഞ ചിലര്‍ തല മൊട്ടയടിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രദേശത്തെ ജല സ്രോതസുകളില്‍ ഉണ്ടായേക്കാവുന്ന മലിനീകരണമാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വളങ്ങളും മറ്റും അമിതമായ അളവില്‍ വെള്ളത്തില്‍ കലര്‍ന്നതു കൊണ്ടാവും ഇത് സംഭവിച്ചതെന്നും കരുതപ്പെടുന്നു. പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതു വരെ കൃത്യമായി ഒന്നും പറയാനാവാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. പ്രദേശത്തെ വെള്ളം ഉള്‍പ്പെടെ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കണമെന്ന പൊതു നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ ഗ്രാമീണര്‍ക്ക് നല്‍കിയിരിക്കുന്നത്.