സ്‌പെഡക്സ് വിക്ഷേപണം വിജയം; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

Update: 2024-12-31 02:54 GMT

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യമായ സ്പെഡക്സ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാത്രി 9.58നാണ് പി.എസ്.എൽ.വി.സി 60 റോക്കറ്റിൽ എസ്.ഡി.എക്സ് 01(ചേസർ ഉപഗ്രഹം), എസ്.ഡി.എക്സ് 02 (ടാർജറ്റ് ഉപഗ്രഹം) എന്നിവ വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റ് 20 മിനിറ്റിനകം രണ്ട് ഉപഗ്രഹങ്ങളെയും ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.

220കിലോഗ്രാം വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. സ്‌പെയ്സ് ഡോക്കിംഗ് എക്സ്‌പെരിമെന്റ് എന്നതിന്റെ ചുരുക്കെഴുത്തായ സ്‌പെഡക്സ് എന്നാണ് ദൗത്യത്തിന്റെ പേര്. പത്തുനാൾക്കകം രണ്ട് ഉപഗ്രഹങ്ങളും കൂട്ടിച്ചേർത്ത് ഒന്നാക്കും. അതോടെ ബഹിരാകാശത്ത് പേടകങ്ങൾ കൂട്ടിചേർക്കാനും വിടർത്തിമാറ്റാനും കഴിയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

രണ്ട് ഉപഗ്രഹങ്ങളും 20കിലോമീറ്റർ അകലം പാലിക്കുന്ന തരത്തിലാണ് വിക്ഷേപിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ഇവയെ നിയന്ത്രിച്ച് അടുത്തുകൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കും. ഇതിന് പത്തുദിവസമെടുക്കും. തുടർന്ന് അവ ഒറ്റഉപഗ്രഹമായി പ്രവർത്തിക്കും. ഒരാഴ്ചയ്ക്കുശേഷം വേർപെടുത്തി രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവർഷക്കാലം ബഹിരാകാശത്ത് പ്രവർത്തിക്കും. ഏതുസമയത്തും വീണ്ടും യോജിപ്പിക്കാമെന്നതാണ് നേട്ടം.

Tags:    

Similar News