16 കാരിയെ അഞ്ചുമണിക്കൂറിനിടെ പീഡിപ്പിച്ചത് മൂന്നുതവണ; 35കാരന് അവസാനശ്വാസം വരെ തടവുശിക്ഷ
പീഡനക്കേസിൽ മുപ്പത്തിയഞ്ചുകാരന് അവസാന ശ്വാസംവരെ (മരണം വരെ ) തടവുശിക്ഷ. മുഹമ്മദ് സാദിക്ക് ഖത്രി എന്ന സൂറത്ത് സ്വദേശിക്കാണ് പോക്‌സോ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്. പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ അഞ്ചുമണിക്കൂറിനുള്ളിൽ മൂന്നു തവണയാണ് ഇയാൾ പീഡിപ്പിച്ചത്.
ഇയാളുടെ കൂട്ടാളികളെയും ശിക്ഷിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ ലൈംഗികശേഷി കൂട്ടാനുളള ഗുളികകൾ മുഹമ്മദ് സാദിക്കിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വികൃതമായ മാനസികാവസ്ഥയാണെന്നായിരുന്നു കോടതി നിരീക്ഷണം.
2021 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ സഹായിക്കാം എന്നുപറഞ്ഞാണ് പെൺകുട്ടിയെ മുഹമ്മദ് സാദിക്ക് ഉൾപ്പെടെയുള്ള സംഘം വലയിലാക്കിയത്. പെൺകുട്ടിയോട് മുംബയിലെത്താൻ ഇയാൾ നിർബന്ധിച്ചു. ഇതനുസരിച്ചാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്.
ട്രെയിൻ യാത്രക്കിടെയാണ് പെൺകുട്ടിയെ മുഹമ്മദ് സാദിക്ക് പരിചയപ്പെടുന്നത്. ഉമർഗം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ മറ്റൊരു ട്രെയിനിൽ കയറാൻ സഹായിക്കാമെന്നുപറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂടുതൽ തവണ പീഡിപ്പിച്ചതും മുഹമ്മദ് സാദിക്കായിരുന്നു. പിറ്റേന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ മുങ്ങി. അവശയായ പെൺകുട്ടി അമ്മാവനെ വിളിച്ച് വിവരം പറയുകയായിരുന്നു.
പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്ന് ലൈംഗിക ശേഷി കൂട്ടുന്നതിനുളള ഗുളികളും പെൺകുട്ടിയുടെ രക്തംപുരണ്ട വസ്ത്രങ്ങളും മറ്റുവസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു.