‘ചർച്ച ആരംഭിക്കേണ്ട സമയമായി; മൗനം വെടിയണം’: കേന്ദ്രത്തോട് കർഷക നേതാക്കൾ
കർഷകരുമായി കേന്ദ്ര സർക്കാർ ചർച്ച ആരംഭിക്കണമെന്നു സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതരം) കിസാൻ മസ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. എപ്പോഴും ചർച്ചയ്ക്കു തയാറായിരുന്നുവെന്നും കേന്ദ്രസർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു. സമരത്തിൽ സർക്കാർ മൗനം വെടിഞ്ഞു ചർച്ച ആരംഭിക്കേണ്ട സമയമായെന്നു മുതിർന്ന കർഷക നേതാവ് കാക സിങ് കോത്ര അഭിപ്രായപ്പെട്ടു.
“നിലവിലുള്ള പ്രതിഷേധത്തിന്റെ സ്തംഭനാവസ്ഥ മറികടക്കാൻ കേന്ദ്രസർക്കാരിനു താൽപര്യമില്ലെങ്കിൽ, ദല്ലേവാളിന് എങ്ങനെ വൈദ്യസഹായം ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകും? ഞങ്ങൾ ചർച്ചകൾക്കു തയാറാണ്. പക്ഷേ സർക്കാർ തയാറല്ല. അവർക്കു താൽപര്യമില്ലെന്നു തോന്നുന്നു, നടന്നുകൊണ്ടിരിക്കുന്ന കേസുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങളുടെ പോരാട്ടം സർക്കാരിനോടാണ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗാരന്റി നൽകണമെന്ന ആവശ്യം നടപ്പാക്കണം’’ – കോത്ര പറഞ്ഞു.
നവംബർ 26 മുതൽ നിരാഹാരസമരം നടത്തുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ ഉത്തരവ് അനുസരിക്കാൻ സുപ്രീം കോടതി ജനുവരി 2 വരെ സമയം നീട്ടി നൽകിയതിനു പിന്നാലെയാണു നേതാക്കളുടെ പ്രതികരണം. പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്‌ചകളിൽ ദല്ലേവാളുമായി ഒന്നിലധികം ചർച്ചകൾ നടത്തി. വൈദ്യസഹായം സ്വീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല.