മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയെന്ന് രാഹുൽ ഗാന്ധി; പിന്നാലെ വിമർശനവുമായി ബിജെപി
മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെ, കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ''മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യകർത്താവ് മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു''– രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുലിന്റെ പരാമർശത്തിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുസ്‌ലിം ലീഗിനെ മതേതര പാർട്ടി എന്ന് വിശേഷിപ്പിച്ചത് വയനാട്ടിൽ സ്വീകാര്യത നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യകത കൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ 'ജിന്നയുടെ മുസ്‌ലിം ലീഗ്', രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ, ഒരു 'മതേതര പാർട്ടി'യാണെന്നും മാളവ്യ കുറ്റപ്പെടുത്തി.