പ്രജ്വലിനെ തിരഞ്ഞ് പൊലീസ്; ജർമനിയിലേക്കു പോകാനും തയാറെടുപ്പ്, വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കി

Update: 2024-05-07 04:52 GMT

ലൈംഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റുചെയ്യാൻ വിമാനത്താവളത്തിൽ തമ്പടിച്ച് പൊലീസ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ തമ്പടിച്ചത്. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വൽ പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ.

പ്രജ്വൽ കീഴടങ്ങാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജർമനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വൽ, 2 തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രജ്വലിന്റെ ഹാസനിലെ വീട് പൊലീസ് മുദ്രവച്ചു. എംപി ക്വാർട്ടേഴ്‌സായ ഇവിടെ പീഡിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ദൾ വനിതാ നേതാവ് പരാതി നൽകിയിരുന്നു. വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പിതാവും ദൾ എംഎൽഎയുമായ രേവണ്ണയുടെ ബെംഗളൂരു ബസവനഗുഡിയിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി. വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    

Similar News