മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ; അജിത് പവാറുമായുള്ള സഖ്യനീക്കങ്ങൾ തള്ളാതെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങൾ തള്ളാതെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി എൻസിപി അജിത്ത് പവാർ വിഭാഗവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഫലം വന്നതിന് ശേഷം ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്നും അറിയിച്ചു. ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവസാന വിലയിരുത്തൽ.
ഫലം അറിഞ്ഞശേഷം കോൺഗ്രസ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം. കോൺഗ്രസിൽ കൂറുമാറ്റം നടക്കില്ലെന്നും അതിനാൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കുതിരക്കച്ചവടം ഒഴിവാക്കാൻ വിജയിക്കുന്ന എംഎൽഎമാരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് ചെന്നിത്തലയുടെ വാക്കുകൾ.
അതേ സമയം, തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുള്‍ ബാക്കി നില്‍ക്കേ മഹാരാഷ്ട്രയില്‍ ഇരുമുന്നണികളും ചരടുവലികളും ചര്‍ച്ചകളും തുടങ്ങി. തൂക്കുസഭയെന്ന സംശയമുള്ളതു കൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായാണ് ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ ട്വീറ്റ് ചെയ്തു.
അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള ശ്രമം മഹാവികാസ് അഘാഡി തുടങ്ങിയെന്നാണ് സൂചന. അഘാഡി നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഇതിനിടെ ബാരാമതിയില്‍ മുഖ്യമന്ത്രി അജിത് പവാറിന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. അതേസമയം അജിത് പവാര്‍ വിഭാഗത്തിന് സീറ്റ് കുറയുമെന്ന നിഗമനത്തിലാണ് എന്‍ഡിഎ.