സഭ പ്രവർത്തിക്കുന്നത് സമ്മർദത്തിന് വഴങ്ങിയെന്ന് ഖാർഗെ, രേഖയിൽനിന്ന് നീക്കി; പ്രതിഷേധം

Update: 2023-02-13 10:23 GMT

സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സഭ പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച സഭ ആരംഭിച്ച ഉടനെയാണ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഖാർഗെയുടെ വാക്കുകൾ സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്തത്.

'ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പല തവണ സൂചിപ്പിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തിരിക്കുന്നു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഓരോ തവണ പറയുമ്പോഴും സഭയിൽ നിലയുറപ്പിക്കാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾ നഷ്ടപ്പെടുത്തുകയാണ്', ധൻകർ പറഞ്ഞു.

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെച്ചു. പിന്നീട് പ്രതിപക്ഷ എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിങ്, ഇമ്രാൻ പ്രതാപ്ഗാർഹി, ശക്തി സിങ് ഗോഹിൽ, സന്ദീപ് പതക്, കുമാർ കേത്കർ എന്നിവർക്ക് ധൻകർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്ന് രാജ്യസഭ മാർച്ച് 13-ന് വീണ്ടും ചേരുന്നതിനായി പിരിഞ്ഞു.

Tags:    

Similar News