'കേരളം ഇന്ത്യയുടെ ഭാഗം തന്നെ'; വിവാദമായതിന് പിന്നാലെ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ബിജെപി നേതാവ്
കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു.
പ്രസ്താവനക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുകയാണ്. കേരളം മിനി പാക്കിസ്ഥാൻ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം.
മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബിജെപി നേതാവുമായ നിതേഷ് റാണെ ഞായറാഴ്ച വൈകീട്ട് പൂനെയിൽ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്. ഇതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നും വിജയിച്ചതതെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമർശത്തിൽ പിന്നാലെ കടുത്ത വിമർശനം ഉയർന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ്, എൻസിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ മലക്കം മറിച്ചിൽ.