തീരദേശ കർണാടക ഗ്രാമങ്ങളിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നക്‌സൽ വിരുദ്ധ സേനയും കർണാടക പൊലീസും കനത്ത ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ആയുധങ്ങളുമായി ആറംഗ മാവോവാദി സംഘം തീരപ്രദേശത്തെ വീടുകളിൽ എത്തിയതായി പൊലീസ് പറഞ്ഞു.
ബൂട്ടും യൂണിഫോമും ധരിച്ചതായും ഇവരുടെ കൈയിൽ വലിയ ബാഗുകളുണ്ടായതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബാഗിൽ ആയുധങ്ങളാകാമെന്നാണ് പൊലീസ് നിഗമനം. ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂക്കിലുള്ള ബിലിനെലെ ഗ്രാമത്തിലെ ഒരു വീട്ടിൽ അടുത്തിടെ മാവോവാദികൾ അതിക്രമിച്ച് കയറിയതായി അധികൃതർ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് കഴിച്ച സംഘം, അവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ചാർജ് ചെയ്യുകയും ചെയ്തു. കന്നഡ, ഹിന്ദി ഭാഷകളിലാണ് അവർ സംസാരിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
നക്സൽ സേന ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിലെ വനത്തിൽ തിരച്ചിൽ ആരംഭിച്ചു. കർണാടകയിൽ പത്തു വർഷങ്ങൾക്ക് ശേഷമാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി. ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോവാദി നീക്കം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.