പൊതുസംവാദത്തിന്‍റെ അന്തസ്സില്ലാതാക്കിയ ആദ്യ പ്രധാനമന്ത്രി; മോദിക്കെതിരെ മൻമോഹൻ സിങ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതി രൂക്ഷമായി വിമർശിച്ച് മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്.പൊതുസംവാദത്തിന്‍റെ അന്തസ്സ് ഇല്ലാതാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് മൻമോഹൻസിങ് കുറ്റപ്പെടുത്തി.
ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷജനകവും പാര്‍ലമെന്‍ററി വിരുദ്ധവുമായ പരാർമർശങ്ങള്‍ നടത്തിയിട്ടില്ല.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത നിറഞ്ഞ തീവ്ര വിദ്വേഷ പ്രസംഗം നടത്തി.പഞ്ചാബിലെ വോട്ടർമാർക്കെഴുതിയ കത്തിലാണ് മന്‍മോഹൻ സിങിന്‍റെ വിമർശനം.
അതിനിടെ ലോകം ഗാന്ധിയെ അറിഞ്ഞത് സിനിമയിലൂടെയാണെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതിപക്ഷംവിമർശനം ശക്തമാക്കി . ആർഎസ്എസ് ശാഖയിൽ പഠിച്ചവർക്ക് ഗോഡ്സയെ മാത്രമേ അറിയൂ എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അവസാന ഘട്ട പ്രചാരണം തീരുന്ന ദിനം വൻ പരിഹാസമാണ് മോദിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.
മഹാത്മാ ഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കാൻ കോൺഗ്രസ് മടിച്ചു എന്ന് സ്ഥാപിക്കാനാണ് പ്രധാനമന്ത്രി എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിൽ ഈ പരാമർശം നടത്തിയത്. 1982 ല്‍ ഗാന്ധി എന്ന റിച്ചാർഡ് ആറ്റൻബറോയുടെ സിനിമ പുറത്തിറങ്ങുന്നത് വരെ ലോകത്തിന് ഗാന്ധിയെ കാര്യമായി അറിയില്ലായിരുന്നു എന്ന പരാമർശം വൻ വിവാദത്തിന് ഇടയാക്കുകയാണ്.