ആർ.ജി. കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധക്കാർക്കരികിലെത്തി മമത ബാനർജി

Update: 2024-09-14 09:46 GMT

ആർ.ജി. കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കൊൽക്കത്തയിൽ ഉയർന്നുവന്ന ഡോക്ടർമാരുടെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. സർക്കാർ ഇടപെടലുകൾ നിഷ്ഫലമായ സാഹചര്യത്തിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധക്കാർക്കരികിലെത്തി.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സായ സ്വാസ്ഥ്യ ഭവന് മുമ്പിൽ ഡോക്ടർമാർ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് മമതാ ബാനർജി ശനിയാഴ്ച പ്രതിഷേധക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് ഞാൻ വന്നിരിക്കുന്നതെന്ന് മമതാ ബാനർജി പറഞ്ഞു.

'എനിക്ക് നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ മനസ്സിലാകും, ഞാനും എന്റെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചയാളാണ്. എന്റെ സ്ഥാനത്തിൽ ഞാൻ ആശങ്കപ്പെടുന്നില്ല. രാത്രി മഴ നനഞ്ഞും നിങ്ങൾ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല', മമത പറഞ്ഞു.

'നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും. ഞാൻ ഒറ്റയ്ക്കല്ല സർക്കാരിനെ നിയന്ത്രിക്കുന്നത്. മുതിർന്ന ഓഫീസർമാരുമായി ആലോചിച്ച ശേഷം നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. കുറ്റവാളി ആരായിരുന്നാലും ഉറപ്പായും അവർ ശിക്ഷിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നൽകണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരേ സർക്കാർ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ല. നിങ്ങൾ ജോലിയിൽ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നു', മമതാ ബാനർജി പറഞ്ഞു.

'നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെങ്കിൽ ഞാൻ പരാതികൾ പരിശോധിക്കും. കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ് (ഡോക്ടർമാർ സെപ്റ്റംബർ 10 നുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് കോടതി ഉത്തരവ്). അടുത്ത വാദം കേൾക്കൽ ചൊവ്വാഴ്ചയാണ്. നിങ്ങൾ അനുഭവിക്കുന്നത് കാണാൻ വയ്യ. ഞാൻ ഒരു സഹോദരിയായാണ്, ഒരു മുഖ്യമന്ത്രി ആയിട്ടല്ല നിങ്ങളോട് വന്നഭ്യർഥിക്കുന്നത്. നിങ്ങളുടെ പ്രതിഷേധത്തെ ഞാൻ പിന്തുണയ്ക്കുന്നു', മമത കൂട്ടിച്ചേർത്തു.

Tags:    

Similar News