കരടി ചത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മേനക ഗാന്ധി

Update: 2023-04-21 07:54 GMT

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നാണ് വിമര്‍ശനം. ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനക ഗാന്ധി പറഞ്ഞു. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും സംഭവിച്ചത് നാണക്കേടാണെന്നും മേനക ഗാന്ധി ട്വന്റിഫോറിനോട് പ്രതികരിച്ചു.

കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ല. മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കരടി മുങ്ങിച്ചത്തതു തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറി. മയക്കുവെടിക്കുശേഷം അന്‍പതുമിനിറ്റോളം വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.10 നാണ് കണ്ണംപള്ളി സ്വദേശി അരുണിന്റെ കിണറ്റില്‍ കരടി വീണത്.

Tags:    

Similar News