കാമുകിക്ക് സമ്മാനം നൽകാനുള്ള പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയിൽ. വിഴുപുരം ജില്ലയിലെ മലയരശൻകുത്തിപ്പാണ് സംഭവം.
കോളേജ് വിദ്യാർത്ഥികളായ അരവിന്ദ് കുമാർ, സുഹൃത്ത് മോഹനുമായി ചേർന്നാണ് ഗ്രാമത്തിലെ കർഷകരുടെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിച്ചത്. കണ്ടച്ചിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലയരസൻ കുപ്പം ഗ്രാമത്തിലെ രേണുകയുടെ ആടിനെ മോഷ്ടിക്കാനാണ് പദ്ധതിയിട്ടത്. ആടുവളർത്തലാണ് രേണുകയുടെ തൊഴിൽ.
അരവിന്ദനും സുഹൃത്തും ബൈക്കിൽ രേണുകയുടെ ഫാമിലെത്തി. ഒരാടിനെ മാത്രം മോഷ്ടിക്കാനാണ് അവർ പദ്ധതിയിട്ടത്. ഇരുവരും ആടിനെ മോഷ്ടിക്കുന്നത് രേണുക കണ്ടു. മോഷണം കണ്ടതോടെ രേണുക ബഹളം വച്ചു. തുടർന്ന്, നാട്ടുകാർ അരവിന്ദനെയും കൂട്ടുകാരനെയും പിന്തുടർന്നു പിടികൂടുകയായിരുന്നു. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണത്തിന്റെ പിന്നിലെ കാരണം വെളിപ്പെട്ടത്. വാലന്റൈൻസ് ഡേയിൽ കാമുകിക്കു കൊടുക്കാൻ സമ്മാനം വാങ്ങാൻ പണമില്ലാത്തതുകൊണ്ടാണത്രെ മോഷണം നടത്തിയത്! ആടിനെ വിറ്റ് പണമാക്കി കാമുകിക്കൊപ്പം ആഘോഷിക്കുകയായിരുന്നു കാമുകന്റെ പദ്ധതി.