കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരം:  നിതിൻ ഗഡ്കരി

Update: 2024-04-14 04:29 GMT

കേരളം ദേശീയ പാത വികസനത്തിൽ കേന്ദ്രവുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരമാണ്. വികസനവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം, കേരളത്തിൽ ബിജെപി അത്ര കരുത്തരല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് ബിജെപിയുടെ ശ്രമം. രണ്ടോ മൂന്നോ സീറ്റിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. നാ​ഗ്പൂരിൽ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ  താൻ വിജയിക്കുമെന്നും നിതിൻ ​ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ. ഹരിയാനയിലെ വോട്ടെടുപ്പിന് ഒരു മാസം ഉണ്ടെന്നിരിക്കെ പ്രചാരണത്തിലൂടെ ഇത് നേരിടാനാണ് പാർട്ടി സംസ്ഥാന ഘടകം ആലോചിക്കുന്നത്.

നരേന്ദ്ര മോദിയെ 48 ശതമാനവും രാഹുൽ ഗാന്ധിയെ 27 ശതമാനവും പിന്തുണയ്ക്കുന്നു എന്നാണ് സിഎസ്‌ഡിഎസ് ലോക്‌നീതി സർവ്വെയുടെ കണ്ടെത്തൽ. മോദിയുടെ ജനപിന്തുണ ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചേക്കാമെങ്കിലും 2019നെക്കാൾ നല്ല മത്സരം ഇത്തവണ നടന്നേക്കാം എന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ അടിസ്ഥാന വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാനുള്ള നിർദ്ദേശങ്ങൾ നാളെ പുറത്തിറക്കുന്ന പ്രകടന പത്രികയിൽ പ്രതീക്ഷിക്കാം.

Tags:    

Similar News