ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകം നമ്മളെ ഉറ്റുനോക്കുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

Update: 2023-08-15 01:04 GMT

ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന അവർ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തിൽ പറഞ്ഞു.

രാഷ്ട്രപതിയുടെ അഭിസംബോധനയിൽനിന്ന്:

'ജാതിക്കും വംശത്തിനും ഭാഷയ്ക്കും മേഖലയ്ക്കുമപ്പുറം നമുക്ക് കുടുംബം, തൊഴിൽ മേഖല എന്നിവയിലും ഒരു വ്യക്തിത്വമുണ്ട്. എന്നാൽ ഇവയെ എല്ലാത്തിനെക്കാളും മുകളിൽനിൽക്കുന്ന വ്യക്തിത്വമാണ് ഇന്ത്യൻ പൗരൻ എന്നത്. സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസിഫ് അലി, സുചേത കൃപലാനി തുടങ്ങിയ വനിതാ രത്‌നങ്ങൾ രാജ്യത്തെ ഏതു തലമുറയ്ക്കും ആവേശം നൽകുന്നവരാണ്. രാജ്യത്തിനും സമൂഹത്തിനും ആത്മവിശ്വാസം നൽകുന്നവരുമാണ്. വികസനത്തിന്റെയും സേവനത്തിന്റെയും അടക്കം വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനയുണ്ട്. കുറച്ച് ദശകങ്ങൾക്കുമുൻപ് അങ്ങനൊരു കാര്യം ചിന്തിക്കാൻകൂടി കഴിയില്ലായിരുന്നു.

ഇന്ത്യയുടെ ആഗോള മുൻഗണനകൾ ശരിയായ ദിശയിൽ അവതരിപ്പിക്കാൻ കിട്ടുന്ന അവസരമാണ് ജി20 ഉച്ചകോടി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് രാജ്യം ചെയ്തത്. ജിഡിപിയിൽ അഭിമാനകരമായ വളർച്ചയുണ്ടായി. ആഗോളതലത്തിൽ വിലക്കയറ്റം പേടിയുണ്ടാക്കുന്നു. എന്നാൽ ഇന്ത്യയിൽ, സർക്കാരും റിസർവ് ബാങ്കും അതു പിടിച്ചുനിർത്തി. ഉയർന്ന വിലക്കയറ്റത്തിൽനിന്ന് ജനങ്ങളെ സംരക്ഷിച്ചുനിർത്തി, പാവപ്പെട്ടവർക്ക് വിശാലമായ സുരക്ഷയും ഒരുക്കി. ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.'

Tags:    

Similar News