മദ്യനയ കേസ്; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പുതിയ നീക്കം, കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

Update: 2024-05-09 12:41 GMT

മദ്യനയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പുതിയ നീക്കം. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെയാണ് ഇ ഡിയുടെ ഈ പുതിയ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ലെന്ന് ചൂണ്ടികാട്ടികൊണ്ടാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നതിന്‍റെ പേരിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹ‍ര്‍ജിയിൽ നാളെ ഉത്തരവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയിൽ ഹ‍ർജി സമർപ്പിച്ചിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News