കത്തിക്കരിഞ്ഞ ചോദ്യപേപ്പറിൽ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ; സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തി, അന്വേഷണം ആവശ്യപ്പെട്ട് ഹർജി

Update: 2024-06-24 04:49 GMT

ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെടുത്ത ചോദ്യ പേപ്പർ പകർപ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിലേതെന്ന് കണ്ടെത്തൽ. ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിനു ലഭിച്ച ഇഒയു റിപ്പോർട്ടിൽ, അറസ്റ്റിലായ ഉദ്യോഗാർഥികൾ താമസിച്ചിരുന്ന വീട്ടിൽനിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യ പേപ്പറിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തിയതായി വ്യക്തമാക്കുന്നു.

ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ബിഹാർ പൊലീസാണ് സിബിഐയ്ക്ക് നിർണായക വിവരം കൈമാറിയത്.

അതിനിടെ, നീറ്റ് ക്രമക്കേടിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കുറ്റാരോപിതർ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എൻടിഎയിലെ ചില ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് സിബിഐ ചോദ്യം ചെയ്യലിനു നോട്ടിസ് നൽകും.

Tags:    

Similar News