കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ

Update: 2023-07-26 04:30 GMT

കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ വീഡിയോ കോൾ വിളിച്ച് ബ്ലാക് മെയിൽ ചെയ്യുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിൽ നിന്നാണ് പ്രതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ കോൾ വരുമ്പോൾ മറുവശത്ത് നഗ്ന വീഡിയോ ഉൾപെടുത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് നടപടി.

മറ്റൊരു ബിജെപി എംപി ജി.എം സിദ്ദേശ്വരയ്ക്കും സമാനമായ വീഡിയോ കോൾ കിട്ടി എന്ന് പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ അവസാന ആഴ്ചയിലാണ് മന്ത്രിക്ക് വീഡിയോ കോളെത്തിയത്. ഇതിന് പിന്നാലെ പട്ടേലിന്റെ പേഴ്‌സണൽ സെക്രട്ടറി അലോക് മോഹൻ പൊലീസിൽ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശികളായ എംഡി വക്കീൽ, എംഡി സാഹിബ് എന്നിവരെ അറസ്റ്റ് ചെയ്തത്. കെണിയൊരുക്കിയ എംഡി സാബിർ എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

നഗ്ന വീഡിയോ കോള്‍ വിളിച്ച് പണം തട്ടുന്ന റാക്കറ്റിന്‍റെ ഭാഗമാണ് പിടിയിലായവരെന്നാണ് ദില്ലി പൊലീസ് പറയുന്നത്. വീഡിയോ കോള്‍ വിളിച്ച് മറുവശത്ത് നഗ്നരായ സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക സ്വഭാവമുള്ള വീഡിയോ റെക്കോർഡ് ചെയ്യുകയാണ് ഇവരുടെ രീതി. പിന്നീട് നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറയുന്നു.  

Tags:    

Similar News