റെയിഡിനിടെ ആക്രമണം ; എൻഐഎ ഉദ്യോഗസ്ഥന് സമൻസ് അയച്ച് പശ്ചിമ ബംഗാൾ പൊലീസ് , തകർന്ന വാഹനം ഹാജരാക്കണം

Update: 2024-04-09 08:58 GMT

പശ്ചിമ ബംഗാളില്‍ ആക്രമണത്തിന് വിധേയനായ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് പൊലീസിന്റെ സമന്‍സ്. ഈ മാസം 11 ന് ഭൂപതിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂപതിനഗര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് സമന്‍സ്. പൊലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഭൂപതിനഗറില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഈ ഉദ്യോഗസ്ഥനാണ് സമന്‍സ് ലഭിച്ചത്. ആക്രമണത്തിനിടെ കേടുപാടുകള്‍ സംഭവിച്ചതായി പറയപ്പെടുന്ന വാഹനം കൊണ്ടുവരാനും എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനത്തിന്റെ ഫോറന്‍സിക് പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂപതിനഗര്‍ പൊലീസ് സ്റ്റേഷന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്‍ഐഎ ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഭൂപതിനഗറില്‍ നിന്നുള്ള മൂന്ന് ഗ്രാമീണരെയും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

2022ല്‍ ഭൂപതിനഗറില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ഗൂഢാലോചനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോയപ്പോഴാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ജനുവരി 5 ന് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വസതി റെയ്ഡ് ചെയ്യാന്‍ പോയ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഇഡി) ഉദ്യോഗസ്ഥരുടെ സംഘത്തെ ഗ്രാമവാസികളും നാട്ടുകാരും ആക്രമിച്ചിരുന്നു. ഈ സംഭവമുണ്ടായി മൂന്നുമാസം പിന്നിടുമ്പോഴാണ് വീണ്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ബംഗാളില്‍ വീണ്ടും അക്രമമുണ്ടാകുന്നത്.

Tags:    

Similar News