എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ; അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് കോണ്‍ഗ്രസ്

Update: 2024-05-08 12:02 GMT

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണെന്നും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

80 ലധികം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് റദ്ദാക്കിയത്. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധി എടുത്തതിനെ തുടർന്നാണ് പ്രതിസന്ധിഉണ്ടായത്. 200ലധികം ക്യാബിൻ ക്രൂ ജീവനക്കാരാണ് സിക്ക് ലീവ് എടുത്തിരിക്കുന്നത്. അതേസമയം ഫ്ലൈറ്റ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

മാർച്ച് അവസാന വാരത്തിൽ ആരംഭിച്ച വേനൽക്കാല സ്പെഷ്യൽ ഫ്ലൈറ്റുകൾ ഉൾപ്പടെ പ്രതിദിനം 360 ഫ്ലൈറ്റ് സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണം എന്നാണ് അനൌദ്യോഗിക വിവരം. ക്യാബിൻ ക്രൂവിലെ ഒരു വിഭാഗത്തിൽ കുറച്ചുകാലമായി അതൃപ്തി നിലനിൽക്കുന്നുണ്ട്.

കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതോടെ വലിയ പ്രതിഷേധമുയർന്നു. കാലാവധി കഴിയുന്നവരും ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുന്നവരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഇന്നത്തെയില്ലെങ്കില്‍ ജോലി നഷ്ടമാകുന്നവരും ഭര്‍ത്താവ് ഐസിയുവിലായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന യുവതിയുമടക്കം യാത്ര മുടങ്ങിയതോടെ പ്രതിസന്ധിയിലായി.

Tags:    

Similar News