തുടർ ഓഹരി വില്പന വിജയമെങ്കിലും കൂപ്പുകുത്തി അദാനിയുടെ ഓഹരികള്‍, ഇന്ന് ഇടിഞ്ഞത് 25 ശതമാനം

Update: 2023-02-01 11:14 GMT

അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്നു. തുടർ ഓഹരി വില്പന വിജയമായെങ്കിലും അദാനി എൻറർപ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോവുകയായിരുന്നു. സെന്‍സെക്സ് 1.91 ശതമാനം ഉയർന്നു. സമീപ ദിവസങ്ങളിലെ ഏറ്റവും നല്ല പ്രകടനമാണ് ഇത്. 

ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ  ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതോടുകൂടി അദാനി ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞത്. 72 ബില്യൺ ഡോളറോളം അദാനിക്ക് നഷ്ടമായി. ആരോപണങ്ങൾ ശക്തമായി തള്ളിക്കളഞ്ഞ് രംഗത്തെത്തിയെങ്കിലും അദാനി ഓഹരികളിൽ ചാഞ്ചാട്ടം തുടരുകയാണ്. 

ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, വെറും രണ്ട് വ്യാപാര സെഷനുകളിൽ അദാനി ഗ്രൂപ്പിന് 50 ബില്യൺ ഡോളറിലധികം വിപണി മൂല്യമാണ് നഷ്ടപ്പെട്ടത്. അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടെങ്കിലും ഇടയ്ക്ക് തിരിച്ചുവരവിന്‍റെ സൂചനകള്‍ കാണിച്ചിരുന്നു. 

ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യൺ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും അദാനിക്ക് നഷ്ടമായിരുന്നു. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ്  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്. നേരത്തെ 84.4 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ  11-ാമത്തെ സ്ഥാനത്തായിരുന്നു.

Similar News